ഹ്യൂണ്ടായ് ചെറു എസ്‌യുവി അടുത്തവര്‍ഷം
കുറച്ചുകാലമായി പറഞ്ഞുകേള്‍ക്കുന്ന ഹ്യൂണ്ടായ് ചെറു എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് ഹ്യൂണ്ടായ് ഇന്ത്യ സ്ഥിരീകരിച്ചു. കമ്പനിയുടെ വില്‍പനാകാര്യ സീനിയര്‍ വൈസ് പ്രസിഡണ്ടായ രാകേഷ് ശ്രീവാസ്തവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റിനോ ഡസ്റ്റര്‍, ഇക്കോസ്‌പോര്‍ട്, നിസ്സാന്‍ ടെറാനോ തുടങ്ങിയ വാഹനങ്ങള്‍ മികച്ച മുന്നേറ്റം നടത്തുന്ന ഇന്ത്യയുടെ ചെറു യൂട്ടിലിറ്റി വാഹനവിഭാഗം അധികകാലമായില്ല നിലവില്‍ വന്നിട്ട്. രാജ്യത്തെ മറ്റേതൊരു വാഹന വിഭാഗത്തെക്കാളും മികച്ച നിലയിലാണ് കോംപാക്ട് എസ്‌യുവി സെഗ്മെന്റ് നീങ്ങുന്നത്. ഇക്കാരണത്താല്‍ തന്നെ നിരവധി കാര്‍ നിര്‍മാതാക്കള്‍ ചെറു എസ്‌യുവികളുമായി രംഗത്തിറങ്ങാനൊരുങ്ങിയിട്ടുണ്ട്.

ഇക്കൂട്ടത്തില്‍ ഹ്യൂണ്ടായിയുടെ നീക്കം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. ചെറുകാറുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും വിശ്വാസ്യത പുലര്‍ത്തുന്ന ബ്രാന്‍ഡുകളിലൊന്നാണ് ഹ്യൂണ്ടായ്. ഈ ബ്രാന്‍ഡില്‍ നിന്നും പുറത്തുവരുന്ന ചെറു എസ്‌യുവി മികച്ച വില്‍പന കണ്ടെത്തുമെന്നത് തീര്‍ച്ചയാണ്. ഇത് ഇക്കോസ്‌പോര്‍ട് അടക്കമുള്ള വാഹനങ്ങള്‍ നിലകൊള്ളുന്ന വിപണിയില്‍ എന്തെല്ലാം രാസമാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞവര്‍ഷം കാര്‍ വിപണി കൊടും മാന്ദ്യത്തില്‍ കിടക്കുന്ന സന്ദര്‍ഭത്തിലും കോംപാട്ക് യൂട്ടിലിറ്റി സെഗ്മെന്റ് വളര്‍ച്ച പ്രകടിപ്പിച്ചിരുന്നതാണ് കാര്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഈ വളര്‍ച്ച ചെറു എസ്‌യുവി സെഗ്മെന്‍രിന്റെ പൊട്ടന്‍ഷ്യലാണ് കാണിക്കുന്നതെന്നും ഭാവിയില്‍ ഒരു വലിയ തരംഗം തന്നെ മേഖലയിലുണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നു അവര്‍.
ഇക്കഴിഞ്ഞ ബീജിംഗ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡല്‍ ഇന്ത്യയിലേക്കുള്ള ഒരു സാധ്യതയായി പരിഗണിക്കാവുന്നതാണ്. ഐഎക്‌സ്25 മോഡലിന്റെ നീളം 4.27 മീറ്ററാണെന്നത് ഒരു പോരായ്മയാണ്. 4 മീറ്ററിനു താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന നികുതിയിളവിന് ഈ വാഹനം അര്‍ഹമാവില്ല.


Click it and Unblock the Notifications








