പുതുക്കിയ ഹ്യൂണ്ടായ് സൊനാറ്റ ചിത്രങ്ങള്‍ പുറത്ത്
ഹ്യൂണ്ടായ് സൊനാറ്റയുടെ പുതുക്കിയ മോഡലിനെക്കുറിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ പതിപ്പിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍.
ചിത്രം പുറത്തുവന്നപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഡിസൈനിന്റെ പ്രത്യേകതയെച്ചൊല്ലിയാണ്. ഹ്യൂണ്ടായിയുടെ ഏക ആഡംബര കാര്‍ മോഡലായ ജെനസിസ് സെഡാനോട് ഈ കാറിനുള്ള ചാര്‍ച്ചയാണ് വിഷയം.

ഹ്യൂണ്ടായ് ജെനസിസിന്റെ ഗ്രില്ലിന്റെ ശില്‍പശൈലി ഏതാണ്ട് അതേപടി പുതിയ സൊനാറ്റയില്‍ കാണാം. ഹെഡ്‌ലാമ്പിന്റെ ഡിസൈനും പലയിടങ്ങളില്‍ സമാനത കാണിക്കുന്നു. വശങ്ങളില്‍ നിന്നുള്ള കാഴ്ചയിലും ജെനസിസിനെ കണ്ടെത്താന്‍ കഴിയും. ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ജെനെസിസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരുന്നു ഹ്യൂണ്ടായ്.

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ സൊനാറ്റയില്‍ ഉപയോഗിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമൊന്നും ലഭ്യമല്ല.

നേരത്തെ പുതിയ സൊനാറ്റയുടെ ചാരപ്പടങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നത് കണ്ടിരുന്നു. ഇതുവരെ ഔദ്യോഗിക ചിത്രങ്ങളൊന്നും എത്തിയിരുന്നില്ല. ഇപ്പോള്‍ കുറെയേറെ വ്യക്തതയുള്ള ചിത്രങ്ങളാണ് ഹ്യൂണ്ടായ് പുറത്തു വിട്ടിരിക്കുന്നത്. എക്സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെയും ചിത്രങ്ങള്‍ ഇതിലുണ്ട്.

ഈ മാസം അവസാനത്തില്‍ ഹ്യൂണ്ടായ് സൊനാറ്റ അവതരിപ്പിക്കപ്പെടുമെന്ന് വാര്‍ത്തകളുണ്ട്. ദക്ഷിണകൊറിയയില്‍ വെച്ചായിരിക്കും അവതരണം നടക്കുക. ഹ്യൂണ്ടായിയുടെ പുതിയ ഫ്‌ലൂയിഡിക് ശില്‍പത്തിലേക്ക് മാറിയ ആദ്യത്തെ സൊനാറ്റ് മോഡലാണ് വരാന്‍ പോകുന്നത്. പുതുക്കിയ ഫ്‌ലൂയിഡിക് ശില്‍പശൈലി '2.0' എന്നാണ് അറിയപ്പെടുന്നത്. ജനീവയിലവതരിപ്പിച്ച ജെനസിസ് മോഡല്‍ ഈ ശില്‍പത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയിലും ഹ്യൂണ്ടായ് സൊനാറ്റയുടെ 2015 പതിപ്പിനെ കാണാന്‍ കഴിഞ്ഞേക്കും.


Click it and Unblock the Notifications








