ലാന്‍ഡ് റോവര്‍ ഡിസ്‌കവറിക്ക് 25 വയസ്സ്
ആഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റികളുടെ അച്ഛനാണ് ലാന്‍ഡ് റോവര്‍. 1947ല്‍ ഒരു ജീപ്പ് മോഡലിന്റെ ചാസിയും ആക്‌സിലുകളുമെല്ലാം ഉപയോഗിച്ച് തനതായ ബോഡി ശൈലിയില്‍ ആദ്യത്തെ ലാന്‍ഡ് റോവര്‍ പ്രോട്ടോടൈപ്പ് അവതരിപ്പിക്കുമ്പോള്‍ ആഡംബര എസ്‌യുവി എന്നൊരു സങ്കല്‍പം തന്നെയില്ലായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ലോകോത്തര എസ്‌യുവികളുടെ നിര്‍മാതാക്കളായി മാറിയ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ മോഡലിന്റെ ഇരുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയാണ് താരം! ഒരു പ്രത്യേക എഡിഷന്‍ പുറത്തിറക്കി ഈ ധന്യമുഹൂര്‍ത്തത്തെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ലാന്‍ഡ് റോവര്‍ ഒരുമ്പെടുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫോര്‍വീല്‍ ഡ്രൈവ് എസ്‌യുവി നിര്‍മാതാക്കളാണ് ലാന്‍ഡ് റോവര്‍. പഴക്കത്തിന്റെ കാര്യത്തില്‍ ജീപ്പ് മാത്രമേ ലാന്‍ഡ് റോവറിനു മുന്നിലുള്ളൂ.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഡബ്ള്‍ എക്‌സ് വി പതിപ്പിന്റെ പ്രത്യേക എഡിഷനാണ് വാഹനത്തിന്റെ ഇരുപത്തഞ്ചാം പിറന്നാളിന് പുറത്തുവരിക.

ലാന്‍ഡ് റോവര്‍ പൂര്‍ണസന്നാഹത്തോടെ വിപണിയില്‍ നിലയുറപ്പിച്ച ആദ്യകാലങ്ങളില്‍ പുറത്തിറങ്ങുകയും ഒരു വമ്പന്‍ ഹിറ്റായി മാറുകയും ചെയ്ത കഥയാണ് ഡിസ്‌കവറിക്ക് പറയാനുള്ളത്.

1989ലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി നിരത്തിലിറങ്ങുന്നത്. അന്നുവരെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളെന്നാല്‍ പരുക്കന്‍ പാതകളില്‍ ഉപയോഗിക്കാന്‍ മാത്രമുതകുന്നവ എന്നായിരുന്നു നിര്‍വചനം. ഫാമിലി കാര്‍ എന്ന സങ്കല്‍പമേ അന്നില്ല. ഈ ചിന്താഗതിയില്‍ വന്‍ വിപ്ലവമാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി വരുത്തിവെച്ചത്.

ആധുനികമായ ഡിസൈന്‍, സാധാരണ ഫോര്‍ വീല്‍ ഡ്രൈവുകളില്‍ കാണാത്ത ഇന്റീരിയര്‍ സൗന്ദര്യം, കംഫര്‍ട്ട്, ധാരാളം സ്ഥലസൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ഡിസ്‌കവറിയെ ഉപഭോക്താക്കളിലേക്കടുപ്പിച്ചു.

പുതിയ ഡിസ്‌കവറി പരിമിത പതിപ്പ് പ്രത്യേകമായ ഡിസൈനിലും സൗകര്യങ്ങളിലുമാണ് വരുന്നത്. ഇന്റീരിയറില്‍ ഗുണനിലവാരമേറിയ വിന്‍ഡ്‌സര്‍ ലതര്‍ ഉപയോഗിച്ചിരിക്കുന്നു.

ലാന്‍ഡ് റോവറിന്റെ എച്ച്എസ്ഇ ആഡംബര സന്നാഹങ്ങളാണ് ഡിസ്‌കവറിയുടെ പരിമിത പതിപ്പിലുള്ളത്.

മരംകൊണ്ട് നിര്‍മിച്ച സ്റ്റീയറിംഗ് വീലില്‍ തുകല്‍ പൊതിഞ്ഞിരിക്കുന്നു. കോസ്‌വേ ഗ്രേ, നാര്‍വിക് ബ്ലാക് നിറങ്ങളില്‍ വാഹനം ലഭിക്കും.


Click it and Unblock the Notifications








