ആള്‍ട്ടോ 800നും കെ10നും സെമി ഓട്ടോമാറ്റിക്?
മാരുതി സുസൂക്കിയുടെ സെലെരിയോ ഹാച്ച്ബാക്ക് വന്‍ ചലനങ്ങളാണ് വിപണിയില്‍ സൃഷ്ടിച്ചത്. സെഗ്മെന്റില്‍ ആദ്യമായി സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ഒരു വാഹനം എത്തുകയായിരുന്നു സെലെരിയോയിലൂടെ. ഏറ്റവും ഉയര്‍ന്ന വേരിയന്റ് ഏറ്റവുമധികം വില്‍ക്കപ്പെടുക എന്ന അത്ഭുതപ്രതിഭാസവും ഈ വാഹനത്തിന്റെ കാര്യത്തില്‍ സംഭവിച്ചു. സെമി ഓട്ടോമാറ്റിക് ഘടിപ്പിച്ച സെലെരിയോയുടെ ഉയര്‍ന്ന വേരിയന്റിന്റെ കാത്തിരിപ്പ് സമയവും താരതമ്യേന കൂടുതലാണ്.
ടാറ്റ അടക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ സെമി ഓട്ടോമാറ്റിക് ഘടിപ്പിച്ച് കാറുകളിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടങ്ങിവെച്ചത് മാരുതിയാണ്. പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് ചേര്‍ക്കുവാന്‍ മാരുതിക്ക് പദ്ധതിയുണ്ടെന്നാണ്.
മാരുതി ആള്‍ട്ടോ 800, മാരുതി ആള്‍ട്ടോ കെ10 എന്നീ വാഹനങ്ങളിലും അടുത്തുതന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന പുതുക്കിയ സ്വിഫ്റ്റ് മോഡലിലും സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചേക്കുമെന്നാണ് വാര്‍ത്ത. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 16നു തന്നെ വിപണിയിലെത്തിയേക്കും. സ്വിഫ്റ്റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമെന്ന് ഏതാണ്ടുറഫ്പാണ്. എന്നാല്‍ ഇത് സെലെരിയോയിലെ സെമി ഓട്ടോമാറ്റിക് സിസ്റ്റണാണോ എന്ന കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല.

സാധാരണ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തെക്കാള്‍ ചെലവ് കുറവാണ് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനുകള്‍ക്ക്. ഏതാണ്ട് ഒരു ലക്ഷത്തിന്റെ വ്യത്യാസം രണ്ട് സംവിധാനങ്ങളും തമ്മിലുണ്ട്. കരുത്തിലോ, ഇന്ധനക്ഷമതയിലോ കുറവ് വരില്ലായെന്നതും ഈ സെമി ഓട്ടോമാറ്റിക് പതിപ്പിന്റെ പ്രത്യേകതയാണ്.
എഎംടി ഘടിപ്പിച്ച സെലെരിയോ പതിപ്പിന് നാല്‍പതിനായിരത്തോളം രൂപ മാത്രമേ കൂടുതലായി നല്‍കേണ്ടതുള്ളൂ. മൈലേജില്‍ യാതൊരു കുറവുമില്ല. ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.


Click it and Unblock the Notifications








