മാരുതി ആള്‍ട്ടോ 800 മാറ്റത്തിന് തയ്യാറാവുന്നു
മാരുതി സുസൂക്കി ആള്‍ട്ടോ 800 ഹാച്ച്ബാക്കിന്റെ ഡിസൈന്‍ വലിയ തോതിലുള്ള വെറുപ്പ് തുടക്കത്തില്‍ പിടിച്ചുവാങ്ങിയിരുന്നു. എന്നാല്‍, പ്രസ്തുത വെറുപ്പിനെ വെല്ലുന്ന വില്‍പന ഈ വാഹനം പിന്നീട് പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 'ദിദെങ്ങനെ?' എന്ന് കണ്‍ഫ്യൂസ്ഡാവുന്നവരുണ്ട്. മാരുതിയുടെ വന്‍ വില്‍പന-സേവന ശൃംഖലയും മാരുതി ഉല്‍പന്നങ്ങളുടെ വിശ്വാസ്യതയും നാട്ടുകാരുടെ ആവശ്യവുമെല്ലാം ചേര്‍ന്നപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചു എന്നേ പറയാവൂ.
വാഹനത്തിന്റെ ലുക്ക് അത്ര പോര എന്ന ധാരണയോട് മാരുതിയും യോജിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാനാവുന്നത്. ഇയോണും ഡാറ്റ്‌സന്‍ ഗോ-യുമെല്ലാം നിലയുറപ്പിച്ചിട്ടുള്ള സെഗ്മെന്റില്‍ കുറെക്കൂടി സന്നാഹപ്പെട്ടു നിന്നേ മതിയാവൂ എന്നാണ് മാരുതി മനസ്സിലാക്കുന്നത്. അതിന്റെ റിസള്‍ട്ടാണ് ആള്‍ട്ടോ 800നെ പുതുക്കാനുള്ള തീരുമാനം.

പുതുക്കിയ ആള്‍ട്ടോ 800 ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പലയിടങ്ങളിലായി പ്രസിദ്ധീകരിച്ചു കാണുന്നു. മൂടിപ്പുതച്ച നിലയിലാണെങ്കിലും ചിലതെല്ലാം ഊഹിച്ചെടുക്കാന്‍ കഴിയും. പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഹെഡ്‌ലാമ്പ് ഡിസൈനായിരിക്കും എന്നൂഹിക്കാം.
എക്സ്റ്റീരിയര്‍ ഡിസൈനിലെ മാറ്റത്തിന് വലി പ്രാധാന്യം നല്‍കുന്നുണ്ട് മാരുതി. ഇത്തവണത്തെ മുഖം മിനുക്കലില്‍ ഒരുപക്ഷേ ഏറ്റവും മുഖ്യമായി സംഭവിക്കുന്നതും ഇതായിരിക്കും.
ആള്‍ട്ടോ 800ന്റെ ഗ്രില്ലും ഇന്‍ടേക്കും കാര്യമായ മാറ്റത്തിനു വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഇപ്പോഴത്തെ തൊള്ള പൊളിച്ചു നില്‍ക്കുന്ന അവസ്ഥ പുതിയ ഗ്രില്ലിനുണ്ടാവില്ല. ടെയ്ല്‍ ലാമ്പുകളുടെ ഡിസൈനിലും മാറ്റം സംഭവിച്ചിട്ടുണ്ട്.
ഇന്റീരിയറിലും മാറ്റങ്ങളുണ്ടെങ്കിലും അവയെന്തെല്ലാമെന്നത് ഇപ്പോഴും വ്യക്തമല്ല. സാങ്കേതികമായി വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications








