എ സ്റ്റാര്‍ പിന്‍ഗാമിക്ക് 'സെലെരിയോ' എന്നു പേര്
വൈഎല്‍7 എന്ന രഹസ്യനാമത്തില്‍ സുസൂക്കിയുടെ ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിക്കപ്പെട്ട എ-വിന്‍ഡ് കണ്‍സെപ്റ്റിനെക്കുറിച്ച് നേരത്തെ നമ്മള്‍ സംസാരിച്ചിരുന്നു. വിപണിയില്‍ നിന്ന് എ-സ്റ്റാര്‍ മോഡല്‍ പിന്‍വലിക്കപ്പെട്ടതോടെയാണ് ഈ വാഹനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെന്നത്. 2013 നവംബറില്‍ നടന്ന തായ്‌ലന്‍ഡ് ഇന്റര്‍നാണല്‍ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനം ഇന്ത്യയിലേക്ക് എ-സ്റ്റാറിന്റെ പിന്‍ഗാമിയായി എത്തുമെന്ന വാര്‍ത്ത ആഘോഷിക്കപ്പെട്ടു. ഇപ്പോള്‍ വാഹനത്തെക്കുറിച്ച് പ്രധാനപ്പെട്ട മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നു.
എ-വിന്‍ഡ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപത്തിനു പേര് 'സുസൂക്കി സെലെരിയോ' എന്നായിരിക്കും! അടുത്ത മാസം നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെടും ഈ വാഹനം. സെലെരിയോയെ കൂടുതല്‍ അടുത്തറിയാം താഴെ

സുസൂക്കി ആള്‍ട്ടോ എന്ന പേരില്‍ അന്താരാഷ്ട്ര വിപണിയില്‍ അറിയപ്പെടുന്ന എ-സ്റ്റാര്‍, ഇന്ത്യയിലെ പഴയ സെന്‍ എസ്റ്റിലോ മോഡല്‍ എന്നിവയുടെയെല്ലാം പിന്‍ഗാമിയാണ് സെലെരിയോ.

3600 മില്ലിമീറ്റര്‍ നീളവും 1600 മില്ലിമീറ്റര്‍ വീതിയും 1540 മില്ലിമീറ്റര്‍ ഉയരവുമുള്ളതാണ് എ:വിന്‍ഡ് കണ്‍സെപ്റ്റ്. 1540 മില്ലിമീറ്ററാണ് കൺസെപ്റ്റിൻറെ ഉയരം. ഉൽപാദന മോഡലിൽ കാര്യപ്പെട്ട വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നില്ല

2425 മില്ലിമീറ്റര്‍ നീളമുണ്ട് എ വിന്‍ഡിന്റെ വീല്‍ബേസിന്. 16 ഇഞ്ച് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു എ വിന്‍ഡ് കണ്‍സെപ്റ്റില്‍.

96സിസി കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സുസൂക്കി എ വിന്‍ഡ് കണ്‍സെപ്റ്റിലുള്ളത്. ഫ്രണ്ട് വീല്‍ ഡ്രൈവാണിത്.

എ വിന്‍ഡ് കണ്‍സെപ്റ്റില്‍ സിവിടി (Continuously variable transmission) ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് ഈ പതിപ്പ് വരുമോ എന്ന കാര്യം തീർച്ചയായിട്ടില്ല.

സുസൂക്കിയുടെ പുതിയ കണ്‍സെപ്റ്റുകളിൽ പൊതുവിൽ കാണുന്ന ഡിസൈന്‍ തീം എ വിന്‍ഡ് കണ്‍സെപ്റ്റിലും കാണാം. ഇരുവശത്തും ഹെഡ്‌ലാമ്പുകളിലേക്ക് കയറിനില്‍ക്കുന്ന വിധത്തില്‍ രണ്ട് ക്രോമിയം പട്ടകള്‍ ഗ്രില്ലായി ചേര്‍ത്തിരിക്കുന്നു. ഇതിന് നടുവിലായി സുസൂക്കി ലോഗോ. പ്രോജക്ടര്‍ ഹെഡ്‌ലാമ്പാണ് കണ്‍സെപ്റ്റിലുണ്ടെങ്കിലും ഉൽപാദന മോഡലിൽ കാണുമോ എന്നത് ഉറപ്പിക്കാറായിട്ടില്ല. ഹെഡ്‌ലാമ്പിന് താഴെയായി ഒരു ഓറഞ്ച് എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ചതായി കാണാം.

എ വിന്‍ഡ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ കാഴ്ചയില്‍ വളരെ പ്ലസന്റാണ്. ഐവറി വൈറ്റ്, കോബാള്‍ട്ട് ബ്ലൂ നിറങ്ങളുടെ മനോഹരമായ സങ്കലനം കാണാം കാറിനകത്ത്. ചിത്രത്തില്‍ ഹാന്‍ഡ് ബ്രേക്കും കാണാവുന്നതാണ്. മള്‍ടിമീഡിയ സന്നാഹങ്ങളും മറ്റും കണ്‍സെപ്റ്റില്‍ കാണുന്നത് ഉല്‍പാദനമോഡലില്‍ ഉണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കണം. മുന്‍ കാബിനില്‍ മികച്ച സ്‌പേസ് ഉള്ളതായി കാണാവുന്നതാണ്. മൂന്നു പേര്‍ക്ക് സുഖമായി സഞ്ചരിക്കാനുള്ള ഇന്റീരിയര്‍ സ്‌പേസ് പിന്‍ കാബിനിലുണ്ട്.


Click it and Unblock the Notifications








