മാരുതി ഡീലര്‍മാരുടെ വില്‍പനാലക്ഷ്യം തീരുമാനമായി
മാരുതി സുസൂക്കി ഡീലര്‍മാര്‍ക്കുള്ള നടപ്പ് സാമ്പത്തികവര്‍ഷത്തെ ടാര്‍ഗറ്റ് നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതല്‍ വില്‍പന കണ്ടെത്തണം മാരുതി ഡീലര്‍മാര്‍ ഇത്തവണ.
ഇറ്റലിയില്‍ വെച്ച് സംഘടിപ്പിച്ച ആന്വല്‍ ഡീലര്‍ മീറ്റിംഗിലാണ് മാരുതി സുസൂക്കി ഡീലര്‍മാര്‍ക്കുള്ള പുതിയ ലക്ഷ്യം തീരുമാനിച്ചത്.
ഈ സമ്പത്തികവര്‍ഷത്തോടെ മാരുതി തങ്ങളുടെ വിപണിവിഹിതം നിര്‍ണായകമായ തോതില്‍ ഉര്‍ത്തുവാന്‍ താല്‍പര്യപ്പെടുന്നുണ്ട്. നിലവില്‍ മാരുതിയുടെ വിപണിവിഹിതം 42 ശതമാനമാണ്. ഇത് മൂന്നു ശതമാനം കണ്ടുയര്‍ത്തി, 45ല്‍ എത്തിക്കണം. ഇതിനുള്ള വില്‍പനാലക്ഷ്യമാണ് ഇറ്റലിയില്‍ വെച്ച് ഡീലര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

2014ല്‍ മൂന്നു പുതിയ മാരുതി മോഡലുകള്‍ ലോഞ്ച് ചെയ്യാനിരിക്കുന്നുണ്ട്. ഇതുകൂടി മുന്നില്‍ക്കണ്ടാണ് വില്‍പനാലക്ഷ്യം നിര്‍ണയിച്ചിരിക്കുന്നത്. എസ്എക്‌സ്4 നെ മാറ്റാനായി എത്തുന്ന സിയാസ് സെഡാനാണ് ഇവയില്‍ ആദ്യത്തേത്. മറ്റൊന്ന് മാരുതിയുടെ ചെറു വാണിജ്യവാഹന വിഭാഗത്തിലേക്കുള്ള മാരുതിയുടെ കടന്നുവരവ് ഉദ്ഘാടനം ചെയ്യുന്ന മോഡലാണ്. സുസൂക്കി കാരി മിനി ട്രക്കിനെ ആധാരമാക്കി നിര്‍മിക്കുന്നതാണ് ഈ വാഹനം. മാരുതിയുടെ എന്‍ജിനീയര്‍മാര്‍ വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്ന തിരക്കിലാണെന്നറിയുന്നു. വൈ9കെ എന്ന കോഡ് നാമത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അടുത്ത വാഹനം ഒരു ചെറു എസ്‌യുവിയായിരിക്കും എന്നൂഹിക്കപ്പെടുന്നു. ഫെബ്രുവരിയിലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട എസ് ക്രോസ് മോഡലായിരിക്കുമിതെന്ന് സന്ദേഹിക്കപ്പെടുന്നു.


Click it and Unblock the Notifications








