മിത്സുബിഷിയുടെ അഞ്ച് ഇന്ത്യന്‍ പദ്ധതികള്‍
മിത്സുബിഷിക്ക് ഇന്ത്യയിലുള്ള സല്‍പേര് മുതലെടുക്കുവാന്‍ കമ്പനിക്ക് കഴിയുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയോ അസംബ്ള്‍ ചെയ്യുകയോ ചെയ്യുന്ന മിത്സുബിഷി വാഹനങ്ങളുടെ വില ഉപഭോക്താക്കളെ അകറ്റുന്ന ഒരു ഘടകമാണ്. വേണ്ടത്ര സര്‍വീസ് സെന്ററുകളില്ലാത്തതും ഒരു പ്രശ്‌നമാകാം.
എന്നിരിക്കിലും ഇന്ത്യ എന്ന 'വളരുന്ന' വിപണിയെ കൈവിട്ടുകളിക്കാന്‍ ലോകത്തിലെ മറ്റേതൊരു കാര്‍നിര്‍മാതാവിനെയും പോലെ മിത്സുബിഷിയും ഒരുക്കമല്ല. ലാന്‍സറും പജീറോയും പോലുള്ള കിടിലന്‍ വണ്ടികള്‍ ഇന്ത്യക്കാരന്റെ പക്കലേല്‍പിച്ച അതേ കരങ്ങളിലൂടെ ഇതാവരുന്നു അഞ്ച് വണ്ടികള്‍ കൂടി.

ആസിയാന്‍ രാഷ്ട്രങ്ങളിലെ മിത്സുബിഷി വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന കെന്‍ ഹോറിനോച്ചിയാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ഒരു ഹാച്ച്ബാക്കും ഒരു സെഡാനുമടക്കം അഞ്ച് വാഹനങ്ങള്‍ രണ്ടായിരത്തിപ്പതിനാറാമാണ്ടോടെ ഇന്ത്യയുടെ നിരത്തിലേക്കിറങ്ങും. ഇവയിലെ ഹാച്ച്ബാക്ക് കാറിന്റെ വരവിനെപ്പറ്റി കുറെക്കാലമായി ഈയുള്ളവന്‍ കീബോഡിലടിക്കാന്‍ തുടങ്ങിയിട്ട്. മിറാഷ് എന്നുപേരുള്ള ഈ എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് ഇത്തവണയെങ്കിലും വരുമെന്ന് പ്രതീക്ഷിക്കട്ടെ.

മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ നിലവാരത്തില്‍ വരാന്‍ സാധ്യതയുള്ള കാറാണ് മിറാഷ്. 1.2 ലിറ്റര്‍ ശേഷിയുള്ള മിറാഷിന്റെ എന്‍ജിന്‍ 77 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു. ഈ എന്‍ജിനോടൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിച്ചാണ് മറ്റുപല വിപണികളും മിറാഷ് ഓടുന്നത്. ഇന്ത്യയിലും ഈ രണ്ട് ട്രാന്‍സ്മിഷന്‍ പതിപ്പുകളും ലഭ്യമാകും.

അന്താരാഷ്ട്ര നിലവാരത്തില്‍ ചെറു സെഡാന്‍ എന്നുവിളിക്കുന്ന മിത്സുബിഷി അട്രാജ് ഇന്ത്യയിലേക്ക് വരുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ചെറുസെഡാന്‍ നിര്‍വ്വചനമായ 4 മീറ്റര്‍ അളവ് ഈ അട്രാജ് സെഡാന്‍ അനുസരിക്കുന്നില്ല. 4.2 മീറ്റര്‍ നീളംവരുന്ന ഈ സെഡാന്‍ ഇന്ത്യയിലെത്തുക എന്തെങ്കിലും മാറ്റങ്ങളോടെയായിരിക്കുമോ എന്ന വിവരം ലഭ്യമല്ല. നികുതിയിളവുകള്‍ക്കായി നീളത്തില്‍ കുറവു വരുത്തിയേക്കും എന്നാണ് കരുതേണ്ടത്.

മിറാഷ് ഹാച്ച്ബാക്കിന്റെ അതേ എന്‍ജിനായിരിക്കും അട്രാജിലും ഉപയോഗിക്കുക എന്നാണ് മനസ്സിലാക്കുന്നത്.

മറ്റു മൂന്ന് വാഹനങ്ങള്‍ എസ്‌യുവികളായിരിക്കുമെന്നറിയുന്നു. ഏതെല്ലാം വാഹനങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഔട്‌ലാന്‍ഡറിന്റെ വരുംതലമുറ പതിപ്പ് ഇക്കൂട്ടത്തിലുണ്ടായിരിക്കും.


Click it and Unblock the Notifications








