റിനോ ഡീലര്‍ പഴയ ഡസ്റ്റര്‍ പുതിയതെന്നു വിശ്വസിപ്പിച്ച് വിറ്റതായി പരാതി
പഴയ റിനോ ഡസ്റ്റര്‍ റീപെയിന്റ് ചെയ്ത് പുതിയതെന്ന് ധരിപ്പിച്ച് ഉപഭോക്താവിന് വിറ്റതായി പരാതി. ദില്ലിയിലെ കൈലാഷ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന സ്പ്രിന്റ് കാര്‍ എന്ന റിനോ ഡീലര്‍ തനിക്ക് ഡെലിവറി ചെയ്തത് റീപെയിന്റ് ചെയ്ത പഴയ കാറാണെന്നും ഇക്കാര്യത്തില്‍ പരാതിപ്പെട്ടുവെങ്കിലും ഉത്തരവാദപ്പെട്ടവര്‍ അത് തള്ളിക്കളഞ്ഞുവെന്നും ആരോപിച്ച് ടീം ബിഎച്ച്പി ചര്‍ച്ചാ ഫോറത്തിലാണ് ഗാസിയാബാദുകാരനായ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡസ്റ്ററിന്റെ ആര്‍എക്‌സ്എല്‍ അഡ്വഞ്ചര്‍ പതിപ്പാണ് പരാതിക്കാരന്‍ വാങ്ങിയത്. ഒക്ടോബര്‍ 19നായിരുന്നു സംഭവം. താന്‍ കാര്‍ വാങ്ങാന്‍ ചെന്നത് വൈകുന്നേരമായിരുന്നുവെന്നും ആവശ്യത്തിന് വെളിച്ചമില്ലാത്ത ഒരിടത്താണ് തനിക്കുള്ള കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും അദ്ദേഹം പറയുന്നു. കാറിന്റെ ഫ്യുവല്‍ ലിഡ് അടക്കമുള്ള ഭാഗങ്ങള്‍ പരുക്കനായിരിക്കുന്നത് ശ്രദ്ധിച്ച തന്റെ പിതാവ് ഇക്കാര്യം സേല്‍സ് അഡൈ്വസറുടെ ശ്രദ്ധയില്‍ പെടുത്തിയതായി പരാതിക്കാരന്‍ പറയുന്നു. എന്നാല്‍, ചില മുട്ടുന്യായങ്ങള്‍ പറഞ്ഞോഴിയുകയായിരുന്നു റിനോ അവര്‍.

വീട്ടിലെത്തിയതിനു ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ കാര്‍ പഴയതാണെന്ന കാര്യം ബോധ്യപ്പെട്ടു. രണ്ടാമത് പെയിന്റ് ചെയ്തതിന്റെ അടയാളങ്ങള്‍ ഡോര്‍ ഹാന്‍ഡിലിലുള്ളതായി കണ്ടെത്തി. ഇക്കാര്യങ്ങള്‍ റിനോ ഡീലര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ കൈയൊഴിയുകയാണുണ്ടായത്.

പുതിയൊരു കാറിന്റെ ഡോര്‍ ഹാന്‍ഡില്‍ ഘടിപ്പിച്ചു നല്‍കാം എന്നൊരു വാഗ്ദാനവും റിനോ ഡീലര്‍മാര്‍ വെച്ചതായി പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ തനിക്ക് പുതിയൊരു കാറാണ് വേണ്ടതെന്ന ന്യായമായ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണിദ്ദേഹം.
റിനോ അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications








