2016ല്‍ പുതിയൊരു റോള്‍സ് റോയ്‌സിന്റെ എഴുന്നള്ളത്ത് കാണാം
അത്യാഡംബരക്കാര്‍ നിര്‍മാണരംഗത്തെ ബ്രിട്ടീഷ് പ്രഭു റോള്‍സ് റോയ്‌സ്, തങ്ങള്‍ ഒരു പുതിയ മോഡലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി വെളിപ്പെടുത്തി. 2016ന്റെ മധ്യത്തില്‍ വിപണിയിലെത്താനൊരുങ്ങുന്ന ഈ മോഡല്‍ പുതിയൊരു പ്ലാറ്റ്‌ഫോമിലായിരിക്കും എഴുന്നള്ളുക.
ഫാന്റം, ഗോസ്റ്റ്, റൈത്ത് മോഡലുകള്‍ നേടിയ വിപണിവിജയം ഈ പുതിയ കാറും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. റോള്‍സ് റോയ്‌സിന്റെ തനത് ഡിസൈന്‍ ശൈലിയില്‍ തന്നെയായിരിക്കും പുതിയ വാഹനവും ഒരുങ്ങുക. പരമ്പരാഗതശൈലി നിലനിര്‍ത്തിക്കൊണ്ടു തന്നെ ആധുനികതയെ സ്വീകരിക്കുന്ന രീതിയാണ് ഇക്കാലമത്രയും ഈ ബ്രിട്ടിഷ് പ്രഭു തുടര്‍ന്നു വന്നത്. ഇത് എല്ലായ്‌പോഴും വിജയം മാത്രമേ രുചിച്ചിട്ടുള്ളൂ.

റോള്‍സ് റോയ്‌സ് കാറുകളുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ് തങ്ങളെന്നാണ് കമ്പനി സിഇഒ ടോസ്റ്റന്‍ മുള്ളര്‍ ഇതെക്കുറിച്ച് പ്രതികരിച്ചത്.
നിലവില്‍ ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് നിര്‍മാണമാണ് നടക്കുന്നത്. ഈ വാഹനം അടുത്തുതന്നെ പ്രദര്‍ശിപ്പിക്കുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോള്‍ ഇതിന്റെ വിശദാംശങ്ങളൊന്നും തന്നെ ലഭ്യമല്ല.
പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഈ നീക്കത്തിലൂടെ റോള്‍സ് റോയ്‌സ് ഉദ്ദേശിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications








