ഷൂമാക്കറിന്റെ ആരോഗ്യനിലയെപ്പറ്റി ഊഹങ്ങള്‍ പെരുകുന്നു
സ്‌കീയിംഗിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായതിന്റെ ആദ്യമണിക്കൂറുകളില്‍ മൈക്കേല്‍ ഷൂമാക്കര്‍ ഈ ലോകം വിട്ടുപോയി എന്നുവരെ പ്രചരിപ്പിച്ചിരുന്നു മാധ്യമങ്ങള്‍. ആരാധകരെയും കുടുംബാംഗങ്ങളെയും വളരെയേറെ വേദനിപ്പിച്ച കെട്ടുകഥകളായിരുന്നു തുടക്കത്തില്‍ മാധ്യമവിപണിയിലെത്തിച്ചേര്‍ന്നത്. പിന്നീട് കാര്യങ്ങള്‍ കുറെക്കൂടി വ്യക്തതയുള്ളതായി. കുടുംബാംഗങ്ങളും ഷൂമാക്കറിന്റെ മാനേജരും വിശദീകരണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് അറുതിയായത്.
എന്നാല്‍, ലോകത്തെമ്പാടുമുള്ള ഗോസിപ്പ് വാര്‍ത്താ വെബ്‌സൈറ്റുകളെ നിയന്ത്രിച്ചു നിറുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുനിഞ്ഞുനിന്നാല്‍ പണി തരുന്ന ജാതികളാണ്. മൈക്കേല്‍ ഷൂമാക്കറിന്റെ ആരോഗ്യനിലയെപ്പറ്റി വീണ്ടും വേണ്ടാതീനങ്ങളുമായി അവര്‍ ഇറങ്ങിയിട്ടുണ്ട്.

സ്‌കീയിംഗ് അപകടത്തെതുടര്‍ന്ന് തലയ്ക്കു പരിക്കേറ്റ് ഷൂമാക്കറിനെ 'നിര്‍ബന്ധിതനിദ്ര'യില്‍ (മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമ) പ്രവേശിപ്പിക്കുകയായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്. നേരിട്ട് ചികിത്സിക്കാന്‍ സാധിക്കാത്ത നിലയിലാണ് തലയിലെ പരിക്കുകള്‍ എന്നതിനാലാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നിര്‍ബന്ധിതനിദ്രയില്‍ പ്രവേശിപ്പിക്കുന്നതിലൂടെ ഷൂമാക്കറുടെ തലച്ചോറിന് ചിന്തയുടെയും മറ്റും ഭാരം ഒഴിവാക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. പരിക്കുകള്‍ സ്വയം ഭേദപ്പെടുത്തുന്ന ശരീരത്തിന്റെ പ്രക്രിയയ്ക്ക് കൂടുതല്‍ ഏകാഗ്രത ലഭിക്കുന്നു ഇതുവഴി.

ഇപ്പോള്‍ പുതിയ ചില വാര്‍ത്തകള്‍ പരക്കുന്നത്, മൈക്കേല്‍ ഷൂമാക്കര്‍ നിദ്രയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു ഭാര്യയോട് കഞ്ഞി വാങ്ങിക്കുടിച്ചു എന്നുമൊക്കെയാണ്. സംഗതി കേട്ട് ആരാധകര്‍ ആശുപത്രിവരാന്തകളില്‍ വീണ്ടും തിങ്ങിക്കൂടാനും മെഴുകുതിരി കത്തിക്കാനുമെല്ലാം തുടങ്ങി.

ഷൂമാക്കറുടെ മാനേജര്‍ പറഞ്ഞ ചില വാക്കുകളെ ദുര്‍വ്യാഖാനം ചെയ്താണ് മാധ്യമങ്ങള്‍ ഷൂമാക്കറെ കോമയില്‍ നിന്നുണര്‍ത്തിയത്. സംഗതി മനസ്സിലാക്കിയ മാനേജര്‍ വീണ്ടും മാധ്യമങ്ങളെ കണ്ടു. താന്‍ പറഞ്ഞതുമാത്രമേ എഴുതാവൂ എന്നഭ്യര്‍ത്ഥിച്ചു. ഷൂമാക്കര്‍ ഇപ്പോഴും കോമയില്‍ത്തന്നെയാണുള്ളതെന്നും മാധ്യമങ്ങളിടപെട്ട് അദ്ദേഹത്തെ ഉണര്‍ത്തരുതെന്നും മാനേജര്‍ പറഞ്ഞു.

അതെസമയം ഷൂമാക്കറുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന കാര്യം മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അപകടനില തരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷൂമാക്കര്‍ ചികിത്സയോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ചെറിയ മുന്നേറ്റം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്.

കോമയില്‍ നിന്നുണര്‍ന്നാല്‍ ഷൂമാക്കര്‍ പഴയ ഷൂമാക്കര്‍ തന്നെയാവണമെന്നില്ല എന്നും പറയുന്നു ഡോക്ടര്‍മാര്‍. ദീര്‍ഘകാലത്തെ കോമാവസ്ഥ മനുഷ്യന്റെ വ്യക്തിത്വത്തില്‍ മാറ്റങ്ങളുണ്ടാക്കാം. ഉണര്‍ന്നുകഴിഞ്ഞാല്‍ ഷൂമാക്കര്‍ മറ്റൊരാളായി മാറിയേക്കാം.


Click it and Unblock the Notifications








