ഗുജറാത്ത് പ്ലാന്റില്‍ സുസൂക്കിയുടെ അധികനിക്ഷേപം
ഗുജറാത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പ്ലാന്റില്‍ സുസൂക്കി മോട്ടോര്‍ കമ്പനി 3000 കോടി രൂപയുടെ അധികനിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കി സംഘടിപ്പിച്ച ആനുവല്‍ റിസള്‍ട്‌സ് കോണ്‍ഫറന്‍സില്‍ വെച്ച് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്ലാന്റിന്റെ നിര്‍മാണവും ഉടമസ്ഥതയും പൂര്‍ണമായും സുസൂക്കി മോട്ടോര്‍ കമ്പനിയില്‍ നിക്ഷിപ്തമായിരിക്കുമെന്നും ഭാര്‍ഗവ അറിയിച്ചു. മാരുതി സുസൂക്കിക്കുവേണ്ടി സുസൂക്കിയായിരിക്കും ഈ പ്ലാന്റില്‍ വാഹനങ്ങള്‍ നിര്‍മിക്കുക. ഇത് ഇരുകമ്പനികളും തമ്മിലുള്ള ഒരു കരാറിന്റെ അടിഥാനത്തില്‍ നടക്കും.

നേരത്തെ, പ്ലാന്റില്‍ വെച്ചു നിര്‍മിക്കുന്ന കാറുകള്‍ മാരുതിക്ക് വില്‍ക്കാം എന്നായിരുന്നു സുസൂക്കിയുടെ നിലപാട്. എന്നാല്‍ ഇതിനെതിരെ നിക്ഷേപകരില്‍ നിന്നും കടുത്ത എതിര്‍പ്പാണുയര്‍ന്നത്. മാരുതി സുസൂക്കിയുടെ ലാഭത്തില്‍ ഗണ്യമായ നിയന്ത്രണം വരുത്തുന്നതാണ് ഈ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഓഹരിയുടമകള്‍ പ്രതിഷേധിച്ചത്.

സുസൂക്കി ലോകത്തെമ്പാടു നിന്നുമുണ്ടാക്കുന്ന വരുമാനത്തെക്കാളധികമാണ് ഇന്ത്യയില്‍ നിന്ന് മാരുതി സുസൂക്കിയിലൂടെ നേടുന്നത്. എന്നാലിതിന്റെ പൂര്‍ണമായ ഗുണഭോക്താക്കളായി മാറാന്‍ ഇന്ത്യന്‍ ഓഹരിയുടമകള്‍ക്ക് കഴിയുന്നുമില്ല. ഈ വൈരുദ്ധ്യം ഓഹരിയുടമകള്‍ക്കിടയില്‍ തികഞ്ഞ അതൃപ്തി സൃഷ്ടിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് സുസൂക്കി മോട്ടോഴ്‌സ് തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്താന്‍ തയ്യാറായത്.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ മാരുതി സുസൂക്കിയുടെ വരുമാനം വന്‍തോതിലുയര്‍ത്താന്‍ ഗുജറാത്തിലെ പ്ലാന്റിനു സാധിക്കുമെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു.

മാരുതി സുസൂക്കി നടപ്പുവര്‍ഷം മൂന്നു മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് ആര്‍സി ഭാര്‍ഗവ അറിയിച്ചു. സിയാസ് സെഡാനാണ് അവയിലൊന്ന്. സ്വിഫ്റ്റിനും സ്വിഫ്റ്റ് ഡിസൈറിന്റെയും മുഖംമിനുക്കിയ മോഡലുകളാണ് മറ്റുള്ളവ. മാരുതി സുസൂക്കിയുടെ നീക്കിയിരിപ്പില്‍ നിന്ന് 8,000 കോടി രൂപ പുതിയ മോഡലുകൾ വികസിപ്പിക്കുന്നതിനായി ചെലവിടാനുള്ള തീരുമാനവും ഇതേ യോഗത്തിലുണ്ടായി.


Click it and Unblock the Notifications








