ടാറ്റയുടെ എല്ലാ കാറുകളും സെമി ഓട്ടോമാറ്റിക്കാവും
ടാറ്റയുടെ പുതിയ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം ഈയിടെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. സെസ്റ്റ് എന്ന പേരില്‍ പുതുതായി പുറത്തിറക്കിയ സെഡാന്‍ മോഡലില്‍ ഘടിപ്പിച്ചാണ് ഈ ക്ലച്ച് പെഡലില്ലാത്ത ട്രാന്‍സ്മിഷന്‍ സംവിധാനം എത്തിയത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഈ സംവിധാനം എല്ലാ മോഡലുകളിലേക്കും നീങ്ങുന്നുവെന്നാണ്.
ഇക്കാര്യം പുറത്തുവിട്ടത് ടാറ്റയുടെ പ്രോഡക്ട് എന്‍ജിനീയറിംഗ് തലവന്‍ ടിം ലിവര്‍ടണാണ്. ക്രമേണ ഈ സംവിധാനം എല്ലാ ടാറ്റ മോഡലുകളിലേക്കും നീങ്ങുമെന്ന് അദ്ദേഹം ബിസിനസ് സ്റ്റാന്‍ഡേഡിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ടാറ്റ മാന്‍സയുടെ പകരക്കാരനെന്ന നിലയിലാണ് സെസ്റ്റിനെ നാമറിയുന്നത്. ഈ വാഹനം ടാറ്റയുടെ പുതിയ ഡിസൈന്‍ തത്വശാസ്ത്രത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ചെറുകാറുകളില്‍ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ആദ്യം ലഭിക്കുന്നത് മാരുതി സെലെരിയോ ഹാച്ച്ബാക്കിനാണ്. ഈ സംവിധാനം നിലവില്‍ വരുന്ന ആദ്യത്തെ ഇന്ത്യന്‍ സെഡാന്‍ ടാറ്റ സെസ്റ്റ് ആയിരിക്കുമെന്നുറപ്പിക്കാം.

എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്കിലും ഇതേ സംവിധാനം നിലവില്‍ വരുമെന്നാണറിയുന്നത്. ഇരുവാഹനങ്ങളുടെയും ഡീസല്‍ പതിപ്പുകളിലായിരിക്കും ക്ലച്ച് പെഡലില്ലാത്ത ട്രാന്‍സ്മിഷന്‍ സന്നാഹം എത്തിച്ചേരുക.
ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍ അധികം താമസിക്കാതെ തന്നെ ലഭിക്കാനിടയുള്ള ടാറ്റയുടെ പെട്രോള്‍ വാഹനം നാനോ ഹാച്ച്ബാക്കാണ്.


Click it and Unblock the Notifications








