ടാറ്റ പ്രൈമ ട്രക്കുകള്‍ ഖത്തറില്‍ ലോഞ്ച് ചെയ്തു
ടാറ്റയുടെ പ്രൈമ റെയ്ഞ്ച് ട്രക്കുകള്‍ ഖത്തറില്‍ ലോഞ്ച് ചെയ്തു. അല്‍ ഹമദ് ഓട്ടോമൊബൈലാണ് പ്രൈമ ട്രക്കുകളുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. മധ്യേഷ്യയിലെമ്പാടുമുള്ള വിതരണത്തിന്റെ ചുമതല അല്‍ ഹമദിനാണെന്നാണ് അറിയുന്നത്.
വിദേശ വിപണികളിലേക്കുള്ള പ്രവേശനം കൂടുതല്‍ വേഗതയിലാക്കുക എന്നത് ടാറ്റയുടെ പുതിയ നയപരമായ തീരുമാനമാണ്. ഖത്തറിലേക്ക് പ്രൈമ ട്രക്കുകള്‍ കൊണ്ടുവരുന്നത് ഈ തീരുമാനത്തിന്റെ ഭാഗമായാണ്.

മൂന്നു മോഡലുകളാണ് ഖത്തര്‍ വിപണിയിലേക്ക് ടാറ്റ എത്തിച്ചിരിക്കുന്നത്. ടാറ്റ പ്രൈമ 4438എസ് (4X2) ട്രാക്ടര്‍ ഹെഡ്, പ്രൈമ 4038കെ (6X4) കണ്‍സ്ട്രക്ഷന്‍ ടിപ്പര്‍, ടാറ്റ പ്രൈമ 4738കെ (8X4) എന്നീ മോഡലുകള്‍ ഇനി ഖത്തര്‍ വിപണിയില്‍ ലഭിക്കും.
അന്തര്‍ദ്ദേശീയ നിലവാരത്തില്‍ നിര്‍മിക്കപ്പെട്ട ട്രക്കുകളാണ് ടാറ്റ പ്രൈമ റെയ്ഞ്ച് ട്രക്കുകള്‍. ഇറ്റാലിയന്‍ ഡിസൈന്‍ ശൈലിയിലാണ് ഈ ട്രക്കുകളുടെ നിര്‍മാണം. യുഎസ്സില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള എന്‍ജിന്‍ സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്.
മെക്‌സിക്കോയില്‍ നിന്നുള്ള ചാസിയും കൊറിയന്‍-ജപ്പാന്‍ സാങ്കേതികതയില്‍ നിര്‍മിച്ച ഷീറ്റ് മെറ്റല്‍ ഡൈ-യുമെല്ലാം ചേര്‍ന്ന് വാഹനത്തെ ഉയര്‍ന്ന ഗുണനിലവാരമുള്ളതാക്കി മാറ്റുന്നു. സ്വീഡിഷ് സാങ്കേതികതയില്‍ നിര്‍മിച്ചെടുത്ത വെല്‍ഡ് ലൈനിലൂടെയാണ് ഓരോ പ്രൈമയും പുറത്തുവരുന്നത്.


Click it and Unblock the Notifications








