വന്‍ സന്നാഹങ്ങളോടെ ടാറ്റ നാനോ പ്ലസ് വരുന്നു
നാനോയെ സംബന്ധിച്ച നല്ലൊരു വാര്‍ത്ത കേള്‍ക്കാന്‍ ഓരോ ഇന്ത്യന്‍ വാഹനപ്രേമിയും കൊതിക്കുന്നുണ്ട്. നാനോ കാര്‍ ഈ ജന്മത്ത് വാങ്ങില്ലെന്നു തീരുമാനിച്ചവര്‍ പോലും അതിനെസംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്നു. ഈ വാഹനത്തിന്റെ 'പൊട്ടന്‍ഷ്യല്‍' സംബന്ധിച്ച സന്ദേഹം കൊണ്ടുനടക്കുന്നവര്‍ക്ക് ഇതൊരു മറുപടിയാണ്. നമ്മുടെ നാടിന്റെ ഇടുങ്ങിയ വഴികളില്‍ നാനോയുടെ പ്രായോഗികത എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ഒരൊറ്റ ആവശ്യമേ ഉപഭോക്താക്കള്‍ക്കുള്ളൂ. നാനോ ഒരു കാറിന്റെ സ്റ്റാറ്റസ് കൈയാളണം!
നാനോയില്‍ പുതിയ ചില ചേരുവകള്‍ പരീക്ഷിച്ചുകൊണ്ട് പതുക്കെ ഉപഭോക്താക്കളിലേക്ക് കയറിക്കൂടുവാനാണ് ടാറ്റ പ്രയത്‌നിക്കുന്നത്. ഇതിന്റെ ഭാഗമായി നാനോ ട്വിസ്റ്റ് എന്ന പേരില്‍ ഒരു പവര്‍ സ്റ്റീയറിംഗ് പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനൊപ്പം ഒരു ഡീസല്‍ പതിപ്പും വിപണിയിലെത്തും. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്, നാനോയുടെ കുറെക്കൂടി സന്നാഹപ്പെട്ട പതിപ്പിനെക്കുറിച്ചാണ്. 'നാനോ പ്ലസ്' എന്ന പേരിലിറങ്ങുന്ന ഈ പതിപ്പില്‍ നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കും.

പുതു സന്നാഹങ്ങള്‍
ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍, നിലവാരപ്പെട്ട എയര്‍ കണ്ടീഷണര്‍, ഡിസ്‌ക് ബ്രേക്കുകള്‍, ബക്കറ്റ് സീറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലൈറ്റുകള്‍ തുടങ്ങിയവയാണ് പുതുതായി ചേര്‍ക്കാന്‍ ആലോചിക്കുന്നത്. മുന്‍വശത്ത് കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ നാനോ പ്ലസ്സിലുണ്ടാകും. പിന്‍വശത്ത് ഒരു ഡോര്‍ ഘടിപ്പിക്കുവാനും പദ്ധതിയുണ്ട്.

ടാറ്റ കണ്ട മാരകസ്വപ്നം
സാധാരണക്കാരന്റെ വണ്ടിയായി ഇന്ത്യയുടെ കുണ്ടനിടവഴികളിലെല്ലാം പേഞ്ഞുനടക്കുമെന്ന് രത്തന്‍ ടാറ്റ കണ്ട മഹത്തായ ഒരു സ്വപ്‌നം ദയനീയമായി തകര്‍ന്നടിഞ്ഞതിനെയാണ് നമ്മളിന്ന് ടാറ്റ നാനോ എന്നുവിളിക്കുന്നത്. രത്തന്‍ ടാറ്റ കണ്ട സ്വപ്‌നം കമ്പനിക്ക് മാരകമായ ഭവിഷ്യത്തുകളാണ് സമ്മാനിച്ചത്. വന്‍ ചെലവില്‍ സിംഗൂരില്‍ ആദ്യം നിര്‍മിച്ച ഫാക്ടറി ഒന്നാകെ ലോറികളില്‍ കയറ്റി ഗുജറാത്തിലെ ഗുജറാത്തിലെത്തിക്കേണ്ടി വന്നു. ഡിമാന്‍ഡ് ഇടിഞ്ഞുവന്നതിനെത്തുടര്‍ന്ന് ഗുജറാത്ത് പ്ലാന്റില്‍ കാര്യമായ ഉല്‍പാദനമൊന്നും ഇപ്പോള്‍ നടക്കുന്നില്ല.

ആറുമാസത്തിനകം സമൂലപരിവര്‍ത്തനം
നാനോയുടെ കാര്യത്തില്‍ വലിയൊരു പരിവര്‍ത്തനം തന്നെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതായി ടാറ്റയുടെ വക്താവ് വ്യക്തമാക്കി. എന്നിരിക്കിലും സൂക്ഷിച്ചുള്ള ചുവടുവെപ്പുകളായിരിക്കും തങ്ങള്‍ നടത്തുക എന്നും അദ്ദേഹം സൂചന നല്‍കി. ഇതിനകം ചെലവിട്ട വന്‍തുക വെള്ളത്തിലാകാതെ നോക്കേണ്ടുതുണ്ട് എന്നതിനാലാവാം ഈ സൂക്ഷിച്ചുള്ള ചുവടുവെപ്പ്. ഇത്തരത്തിലുള്ള ചെറുനീക്കങ്ങളിലൂടെ വലിയ നേട്ടത്തിലെത്തുക എന്നതാണ് നയം. അടുത്ത ആറുമാസത്തിനകം ഈ നയം വിജയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രതീക്ഷ
നാനോയുടെ എന്‍ജിന്‍ കരുത്തിലും പ്രകടനത്തിലുമെല്ലാം ഉപഭോക്താക്കള്‍ക്കുള്ള അതൃപ്തി ടാറ്റ കണ്ടില്ലെന്നു നടിക്കുന്നത് വിലയിലെ മത്സരക്ഷമത സംബന്ധിച്ച അന്ധവിശ്വാസം മൂലമാണെന്നു തന്നെ പറയണം. വിലയില്‍ മാത്രം ശ്രദ്ധയൂന്നി കാര്‍ സ്വന്തമാക്കാന്‍ പോകുന്ന ശരാശരി ഇന്ത്യക്കാരന്റെ കാലം പതുക്കെ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. മികച്ച ഇന്ധനക്ഷമതയും മറ്റും വാഗ്ദാനം ചെയ്യുമ്പോള്‍ത്തന്നെ ബില്‍ഡ് ക്വാളിറ്റിയിലും എന്‍ജിന്‍ ഗുണനിലവാരത്തിലുമെല്ലാം ശരാശരിയില്‍ നിന്ന് മുന്നേറുവാന്‍ നാനോയ്ക്ക് സാധിക്കേണ്ടതുണ്ട്.

നിലവില്‍ ലഭ്യമായ പതിപ്പുകള്‍
ടാറ്റ നാനോ സ്റ്റാന്‍ഡേഡ് പതിപ്പ്
ടാറ്റ നാനോ സിഎക്‌സ്
ടാറ്റ നാനോ എല്‍എക്‌സ്
ടാറ്റ നാനോ സിഎന്‍ജി സിഎക്‌സ്
ടാറ്റ നാനോ സിഎന്‍ജി എല്‍എക്‌സ്

നിലവിലെ എന്‍ജിന്‍
0.6 ലിറ്റര്‍ എംപിഎഫ്‌ഐ എന്‍ജിന്‍. ഇത് 37.4 കുതിരകളുടെ കരുത്ത് പകരുന്നു. 51 എന്‍എം ചക്രവീര്യം പകരാന്‍ എന്‍ജിന് സാധിക്കും. 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നത്.


Click it and Unblock the Notifications








