ടൊയോട്ട എട്യോസ് ക്രോസ് ബുക്ക് ചെയ്യാം
ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ടൊയോട്ട എട്യോസ് ക്രോസ് ചെറു എസ്‌യുവിയുടെ സ്‌റ്റൈല്‍ വലിയ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. ഒരു റഗ്ഗഡ് എസ്‌യുവിയുടെ സൗന്ദര്യം പേറുന്ന ഈ വാഹനം സ്റ്റൈലിന്റെ കാര്യത്തില്‍ ഇക്കോസ്‌പോര്‍ടിനോടും സൗകര്യങ്ങളുടെ കാര്യത്തില്‍ ഡസ്റ്ററിനോടും ഏറ്റുനില്‍ക്കാന്‍ പ്രാപ്തിയുള്ള ഒന്നാണ്.
എട്യോസ് ക്രോസ് കോംപാക്ട് ക്രോസ്സോവറിന്റെ ബുക്കിംഗ് തുടങ്ങിയതാണ് പുതിയ വാര്‍ത്ത. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ ഗാലറിയില്‍.

അച്ചാരം
50,000 രൂപ അഡ്വാന്‍സ് നല്‍കി ടൊയോട്ട എട്യോസ് ക്രോസ് ബുക്കു ചെയ്യാവുന്നതാണ്.

ഫോഡ് ഇക്കോസ്‌പോര്‍ട്, ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ, ഫിയറ്റ് അവ്വന്റ്യൂറ തുടങ്ങിയ വാഹനങ്ങളുടെ മികച്ച എതിരാളിയായിരിക്കും എട്യോസ് ക്രോസ്സ്. വിലയുടെ കാര്യത്തില്‍ ഡസ്റ്ററിനെക്കാള്‍ താഴെയായിരിക്കും ഈ വാഹനം.

ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞ എട്യോസ് ക്രോസ് മെയ്മാസത്തില്‍ വിപണിയില്‍ ലോഞ്ച് ചെയ്‌തേക്കും. ഡെലിവെറികളും അതേ മാസത്തില്‍ തന്നെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എട്യോസ് ഹാച്ച്ബാക്കില്‍ നിന്ന് വിപ്ലവകരമായി മാറിനില്‍ക്കുന്നു എട്യോസ് ക്രോസ്സിന്റെ ശില്‍പശൈലി. ഹാച്ച്ബാക്കില്‍ കാണാത്ത റഗ്ഗഡ്‌നെസ് ഈ വാഹനത്തില്‍ കണ്ടെത്താനാവും.

ബോഡിയോട് ചേര്‍ന്നുനില്‍ക്കുന്ന ഗ്രില്‍ ഗാര്‍ഡ് എട്യോസ് ക്രോസ് ഡിസൈനിലെ പ്രത്യേകതകളിലൊന്നാണ്. എസ്‌യുവിയുടെ ബോള്‍ഡ്‌നെസ് വര്‍ധിപ്പിക്കാന്‍ ഈ ഗാന്‍ഡിന്റെ എടുപ്പിന് സാധിക്കുന്നുണ്ട്.

ചുറ്റുമായി ഘടിപ്പിച്ചിട്ടുള്ള ക്ലാഡിംഗ് എട്യോസ് ക്രോസ്സിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. അഞ്ച് ഇരട്ട ആരങ്ങളുള്ള അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു.

റൂഫ് റെയിലുകളും പിന്നില്‍ സ്‌പോയ്‌ലറും ഘടിപ്പിച്ചിരിക്കുന്നതായി കാണാം. പുറത്തെ കണ്ണാടികളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. ഫോഗ് ലാമ്പുകളോടൊപ്പവും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്തിട്ടുണ്ട്.

എട്യോസ് ക്രോസ്സിന്റെ ഇന്റീരിയര്‍ പിയാനോ ബ്ലാക്ക് നിറത്തിലാണ് വരുന്നത്. സീറ്റുകള്‍ക്ക് വെള്ള നിറത്തിലുള്ള സ്റ്റിച്ചിംഗ് നല്‍കിയത് തികച്ചും ആകര്‍ഷകമാണ്. സീറ്റുകളില്‍ ടൊയോട്ട ലോഗോ തുന്നിച്ചേര്‍ത്തിരിക്കുന്നതായും കാണാം.

യുഎസ്ബി, ഓക്‌സ്-ഇന്‍, ബ്ലൂടൂത്ത് സപ്പോര്‍ട്ടോയുകൂടിയ 2-ഡിന്‍ ഓഡിയോ സിസ്റ്റം എട്യോസ് ക്രോസ്സിലുണ്ട്. സ്റ്റീയറിംഗ് വീല്‍ തുകലുപയോഗിച്ച് പൊതിഞ്ഞിരിക്കുന്നു. സ്റ്റീരിയോ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുണ്ട് സ്റ്റീയറിംഗില്‍.

എട്യോസ് ലിവ ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിച്ച ഈ ചെറുക്രോസ്സോവറിന് 110എംഎം നീളക്കൂടുതലുണ്ട്. വീതി 40 എംഎം വീതിക്കൂടുതലും 45 എംഎം ഉയരക്കൂടുതലുമുണ്ട് എട്യോസ് ക്രോസ്സിന് അതിന്റെ ഹാച്ച്ബാക്ക് പതിപ്പിനെ അപേക്ഷിച്ച്. എട്യോസ് ക്രോസ്സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്ററാണ്.

പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ എട്യോസ് ക്രോസ് ലഭ്യമാണ് വിപണിയില്‍. 1.5 ലിറ്ററിന്റെയും 1.2 ലിറ്ററിന്റെയും പെട്രോള്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനം നിരത്തിലെത്തും. 1.4 ലിറ്റര്‍ ശേഷിയാണ് ഡീസല്‍ എന്‍ജിനുണ്ടായിരിക്കുക.


Click it and Unblock the Notifications








