ടൊയോട്ടയുടെ മുച്ചക്രവണ്ടി നഗരങ്ങളിലേക്ക്
ടോക്കിയോ മോട്ടോര്‍ ഷോയില്‍ ടൊയോട്ട അവതരിപ്പിച്ച ഒരു മുച്ചക്ര കണ്‍സെപ്റ്റ് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആധുനിക നഗരങ്ങളുടെ ജീവിതശൈലിയില്‍ ചെറുവാഹനങ്ങള്‍ നിര്‍വഹിക്കാന്‍ പോകുന്ന സുപ്രധാന പങ്ക് തിരിച്ചറിഞ്ഞാണ് ടൊയോട്ട ഇത്തരമൊരു ഉദ്യമത്തിന് ഒരുങ്ങിപ്പുറപ്പെട്ടത്. പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ ടൊയോട്ടയുടെ മുച്ചക്രവാഹനത്തിന്റെ ടെസ്റ്റിംഗ് തുടങ്ങിയതിനെക്കുറിച്ച് പറയുന്നു.
ടൊയോട്ടയുടെ ഈ ഇലക്ട്രിക് വാഹനത്തിന് ഐ-റോഡ് എന്നാണ് പേര്. ഓഫീസിലേക്കും മറ്റും നഗരത്തിരക്കുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുവാനുള്ള വാഹനമെന്ന നിലയിലാണ് ഐ-റോഡ് വികസിപ്പിക്കപ്പെട്ടിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളിലും ഈ വാഹനം വന്നേക്കാം, ഭാവിയില്‍. ഐ-റോഡിന്റെ ചിത്രങ്ങളും വിവരങ്ങളും ചുവടെ.

നഗരങ്ങളില്‍ ഐ-റോഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇനി ടെസ്റ്റ് ചെയ്ത് അറിയുവാനുള്ളത്. ടൊയോട്ട ഈ ടെസ്റ്റുകള്‍, റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം മാര്‍ച്ച് 24നു തന്നെ തുടങ്ങിയിരിക്കുന്നു. 10 വാഹനങ്ങള്‍ 20 പേര്‍ ചേര്‍ന്നാണ് ടെസ്റ്റ് ചെയ്യുന്നത്.

നഗരങ്ങളുലെ ഒടുക്കത്തെ ഗതാഗതത്തിരക്കുകള്‍ ഇനിയും കൂടാനേ സാധ്യതയുള്ളൂ. ഇതുതന്നെയാണ് ഐ-റോഡിന്‍രെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ പാകത്തിലുള്ളതാണ് ഈ വാഹനം. ബൈക്കിനെക്കാള്‍ സുരക്ഷിതമാണെന്നു പറയാം. കൂടാതെ പൊടിപടലങ്ങളില്‍ നിന്നു മാറി, എയര്‍ കമ്ടീഷനിലിരുന്ന് യാത്ര ചെയ്യുകയുമാവാം.

ഉയര്‍ന്ന എയിറോഡൈനമിക് സ്വഭാവം പുലര്‍ത്തുന്നതാണ് ഐറോഡിന്റെ ഡിസൈന്‍. കാറ്റിനെ സുഗമമായി മുറിച്ചുകടക്കാന്‍ ഈ ഡിസൈന്‍ സവിശേഷത സഹായിക്കുന്നു. വാഹനത്തിന്റെ പ്രകടനക്ഷമതയും മൈലേജും വര്‍ധിക്കുന്നതിന് ഇതൊരു കാരണമാണ്.

മുമ്പിലെ രണ്ട് വീലുകള്‍ക്കും പിന്നിലെ ഒരു വീലിനും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. വാഹനത്തിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ ഇവ ഉതകുന്നു.

ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ഇന്‍ഡിക്കേറ്ററുകലും വാഹനത്തിന്റെ മുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയരം കുറഞ്ഞ വാഹനമാകയാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നതിന് ഈ സ്ഥാനമാറ്റം ഉപകരിക്കും. കോര്‍ണറുകളില്‍ ചായുന്ന രീതിയിലാണ് ഐ-റോഡിന്റെ നിര്‍മിതി. വാഹനത്തിന്റെ സ്ഥിരത വര്‍ധിക്കുന്നു ഇതുമൂലം.

ഒരാള്‍ക്കു വേണ്ടിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നതെങ്കിലും മുതിര്‍ന്ന രണ്ടുപേര്‍ക്ക് ഐറോഡില്‍ സുഖമായി സഞ്ചരിക്കാന്‍ കഴിയും. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത ഐറോഡിന്റെ കണ്‍സോള്‍ ചിത്രത്തില്‍ കാണാം. സ്‌കൂട്ടറുകളില്‍ നിന്നും ബൈക്കുകളില്‍ നിന്നും മുക്തി നേടാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ വാഹനമാണിത്.

2.4 മീറ്ററാണ് ഐറോഡിന്റെ നീളം. മണിക്കൂറില്‍ പരമാവധി 37 മൈല്‍ വേഗതയില്‍ പായാന്‍ ഈ വാഹനത്തിനാകും. ഭാരം 300 കിലോഗ്രാം.


Click it and Unblock the Notifications