എയര്‍ബാഗ്: ടോയൊട്ടയുടെ ക്രിയാത്മക പ്രതികരണം
വാഹനസുരക്ഷ സംബന്ധിച്ച ഗ്ലോബല്‍ എന്‍സിഎപിയുടെ വിമര്‍ശനങ്ങളോട് ഇന്ത്യന്‍ കാര്‍നിര്‍മാതാക്കള്‍ പൊതുവില്‍ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനത്തോട് ക്രിയാത്മകമായി ആരും പ്രതികരിച്ചില്ലായെന്ന് കരുതരുത്. ടൊയോട്ട തങ്ങളുടെ എല്ലാ മോഡലുകളുടെയും മുഴുവന്‍ വേരിയന്റുകളിലും എയര്‍ബാഗുകള്‍ ചേര്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
എന്‍സിഎപി വിമര്‍ശനത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കാര്‍നിര്‍മാതാവാണ് ടൊയോട്ട. നേരത്തെ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ഒരു ടെസ്റ്റില്‍ പോളോ ഹാച്ച്ബാക്ക് പരാജയപ്പെട്ടപ്പോള്‍ എയര്‍ബാഗ് സ്റ്റാന്‍ഡേഡ് സവിശേഷതയാക്കാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചിരുന്നു. എയര്‍ബാഗ് ചേര്‍ത്തതിനു ശേഷം നടത്തിയ ക്രാഷ് ടെസ്റ്റില്‍ പോളോയ്ക്ക് 4 സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുകയും ചെയ്തു.

മാരുതി സ്വിഫ്റ്റ്, ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് എന്നീ മോഡലുകള്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയതിന്റെ ഫലങ്ങള്‍ പുറത്തുവന്നിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇതിനോടുള്ള പ്രതികരണമായി ടൊയോട്ടയുടെ നീക്കത്തെ കാണാവുന്നതാണ്.
ഗ്ലോബല്‍ എന്‍സിഎപി ഇനി അടുത്തതായി ഏത് ഇരയെയാണ് പിടിക്കുക എന്ന് പറയാനൊക്കില്ല. അടി വീഴുന്നതിനു മുമ്പ് അനുകൂലമായ നിലപാടെടുക്കുന്നതാണ് ബുദ്ധി എന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ സുരക്ഷിതത്വം സംബന്ധിച്ച അവബോധം വളര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വരുംനാളുകളില്‍ മറ്റു കാര്‍നിര്‍മാതാക്കളും ടൊയോട്ടയുടെ പാത പിന്‍തുടരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications