ടൊയോട്ട കാത്തിരിപ്പ് മൂന്നാഴ്ചയായി കുറഞ്ഞു
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ തൊഴിലാളികള്‍ ഏതാണ്ട് ഒരു മാസത്തോളമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ച് ഉല്‍പാദനം പുനരാരംഭിച്ചതോടെ ടൊയോട്ട മോഡലുകളുടെ കാത്തിരിപ്പു സമയം മൂന്നാഴ്ചയായി കുറഞ്ഞതായി റിപ്പോര്‍ട്ട്.
എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം, കമ്പനിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായും പറഞ്ഞു തീര്‍ത്തിട്ടില്ല എന്നറിയുന്നു. വേതനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിലാളികളും കമ്പനിയും തമ്മിലിടഞ്ഞത്. ഇപ്പോഴുണ്ടായിരിക്കുന്നത് ഒരു താല്‍ക്കാലിക നീക്കുപോക്ക് മാത്രമാണ്. പ്രശ്‌നവിഷയത്തില്‍ ഇരുകൂട്ടരും താന്താങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നറിയുന്നു.

മാസം 3100 എന്ന നിരക്കിലുള്ള ശമ്പള വര്‍ധനയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ തൃപ്തരല്ല തൊഴിലാളികള്‍. ഈ നിരക്ക് സര്‍ക്കാര്‍ അംഗീകരിച്ചതായി അവകാശപ്പെട്ടുകൊണ്ടാണ് കമ്പനി തൊഴിലാളികളുടെ ആവശ്യത്തെ പ്രതിരോധിക്കുന്നത്.
കര്‍ണാടകത്തിലെ ബിഡദി പ്ലാന്റിലാണ് സമരം നടന്നിരുന്നത്. ടൊയോട്ടയുടെ ഏറ്റവും വിറ്റഴിക്കുന്ന ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ ഇവിടെ നിന്ന് പുറത്തിറങ്ങുന്നു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് സമരം നടന്നത്. ഉല്‍പാദനം ഏതാണ്ട് 300 യൂണിറ്റായി കുറഞ്ഞു ഈ മാസങ്ങളില്‍.
4200 തൊഴിലാളികളാണ് പ്ലാന്റില്‍ പണിയെടുക്കുന്നത്.


Click it and Unblock the Notifications








