നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് സംഭാവന കൊടുത്ത വന്‍ കമ്പനികള്‍
ഫോട്ടോഷൂട്ട് ഭ്രമമുള്ളയാള്‍ ഭരിക്കുമ്പോള്‍ സെല്‍ഫി ഭ്രമമുള്ള പ്രജകളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ഈ സെല്‍ഫിക്കളി ഭൂകമ്പബാധിത പ്രദേശങ്ങളിലാവരുത് ഒരിക്കലും. ഈയൊരു തെറ്റ് നമുക്ക് സംഭവിച്ചു എന്ന് സമ്മതിക്കാന്‍ നാണിക്കേണ്ടതില്ല. പറ്റിയത് പറ്റി! എന്നുവെച്ച് ലോകത്തെല്ലാവരും നമ്മളെപ്പോലെ സെല്‍ഫിയെടുത്ത് കളിക്കുകയായിരുന്നു എന്നു പറയാനൊക്കില്ല.
നിരവധി കാര്‍നിര്‍മാതാക്കള്‍ നേപ്പാളിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് പലവിധത്തിലുള്ള സംഭാവനകള്‍ നല്‍കുകയുണ്ടായി. ഇവിടെ, നേപ്പാള്‍ ജനതയോട് ഐക്യപ്പെട്ട കാര്‍ കമ്പനികളെക്കുറിച്ചറിയാം.

ഹ്യൂണ്ടായ്
നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ കമ്പനികളിലൊന്നാണ് ദക്ണിണ കൊറിയന്‍ കാര്‍നിര്‍മാതാവായ ഹ്യൂണ്ടായ്. ഇവര്‍ 1.91 കോടി രൂപയാണ് നേപ്പാള്‍ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് സംഭാവന ചെയ്തത്. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള ഫണ്ടിലേക്കാണ് ഈ സംഭാവന.

നിസ്സാന്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കാണ് നിസ്സാന്റെ സംഭാവന പോയത്. 53.60 ലക്ഷം രൂപ സംഭാവന ചെയ്തു ഈ കമ്പനി.

മഹീന്ദ്ര
ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയും വെറുതെയിരിക്കുന്നില്ല. തങ്ങളുടെ ലോക്കല്‍ ഡീലര്‍മാര്‍ വഴിയാണ് മഹീന്ദ്ര സഹായമെത്തിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാക്ടറുകള്‍, പിക്കപ്പുകള്‍ എന്നിവ നല്‍കിയാണ് മഹീന്ദ്രയുടെ സഹായം.

ഫോഡ്
അമേരിക്കന്‍ കാര്‍നിര്‍മാതാവായ ഫോഡും ഭൂകമ്പദുരിതാശ്വാസത്തിന് മുമ്പില്‍ നില്‍ക്കുന്നുണ്ട്. 1.26 കോടി രൂപയാണ് സഹായധനമായി ഫോഡ് നല്‍കിയത്. ഇനിയും ഒരു 31.58 ലക്ഷം രൂപകൂടി ഫോഡ് നല്‍കും. തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് ഇവയില്‍ ഭൂരിഭാഗവും.

ജനറല്‍ മോട്ടോഴ്‌സ്
ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ ജനറല്‍ മോട്ടോഴ്‌സ് 63 ലക്ഷം സമാഹരിച്ചു നല്‍കി. നേപ്പാളില്‍ പ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ റെഡ് ക്രോസ്സ്, വേള്‍ഡ് ഫൂഡ് പ്രോഗ്രാം എന്നിവര്‍ക്കാണ് ഈ സഹായം ചെന്നത്. ഇന്ത്യ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ജനറല്‍ 31.95 ലക്ഷം രൂപ സംഭാവനയായി നല്‍കിയിട്ടുണ്ട്.

ടൊയോട്ട
ജപ്പാന്‍ കമ്പനിയായ ടൊയോട്ട 53.60 ലക്ഷം രൂപയാണ് സമാഹരിച്ചു നല്‍കിയിരിക്കുന്നത്. ലോകത്തിലെ വലിയ ഓട്ടോമൊബൈല്‍ കമ്പനികളില്‍ ആറാം സ്ഥാനത്താണ് ടൊയോട്ട നില്‍ക്കുന്നത്.

ഹോണ്ട
ജപ്പാന്‍ കമ്പനിയായ ഹോണ്ടയും നേപ്പാലിന് സഹായവുമായി എത്തി. ഇവര്‍ 1.06 കോടി രൂപയാണ് സമാഹരിച്ചു നല്‍കിയത്. ഭക്ഷണം, വെള്ളം തുടങ്ങിയവ എത്തിക്കുന്നതിനും പുനര്‍നിര്‍മാണ പരിപാടികള്‍ക്കും വേണ്ടിയാണ് ഈ സഹായധനം ഉപയോഗിക്കുക.

യമഹ
ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ യമഹ 26 ലക്ഷം രൂപ നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

ജെസിബി
പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവിടെയെല്ലാം സഹായവുമായി എത്താറുണ്ട് ജെസിബി. ഇത്തവണയും ജെസിബി എത്തി. തങ്ങളുടെ വാഹനങ്ങളാണ് ജെസിബി സംഭാവനയായി നല്‍കിയത്.


Click it and Unblock the Notifications








