ബിഎംഡബ്ല്യു എക്സ്1എം സ്പോർട് ലോഞ്ച് ചെയ്തു
ബിഎംഡബ്ല്യു എക്സ്1 എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എക്സ്1എം സ്പോർട് എന്നാണ് ഈ വേരിയന്റ് അറിയപ്പെടുക.
ഓഡി ക്യു3, മെഴ്സിഡിസ് ജിഎൽഎ ക്ലാസ്, വോൾവോ വി40 എന്നീ മോഡലുകളാണ് എക്സ്1 എസ്‌യുവിയുടെ എതിരാളികൾ. എന്നാൽ, എക്സ്1എം വേരിയന്റിന് നിലവിൽ നേരിട്ടുള്ള എതിരാളികളാരും ഇല്ലെന്നു തന്നെ പറയാം.
രണ്ട് വർണപദ്ധതികളിലാണ് എക്സ്1എം വേരിയന്റ് വിപണിയിലെത്തുന്നത്. ആൽഫൈൻ വൈറ്റ്, ലെമാൻസ് ബ്ലൂ എന്നിവ.

ബംപർ ഡിസൈനിൽ വരുത്തിയിട്ടുള്ള മാറ്റമാണ് എം വേരിയന്റിൽ പ്രധാനമായി കാണാവുന്നത്. തുകൽ പൊതിഞ്ഞ, ബിഎംഡബ്ല്യു എം സ്റ്റൈൽ സ്റ്റീയറിങ് വീലാണ് മറ്റൊന്ന്. വിരുദ്ധനിറങ്ങളിലുള്ള സ്റ്റിച്ചിങ് തുടങ്ങിയ സ്പോർടി സവിശേഷതകൾ ഇന്റീരിയർ ഡിസൈനിൽ കാണാവുന്നതാണ്.
2.0 ലിറ്റർ ശേഷിയുള്ള 4 സിലിണ്ടർ, ടർബോ ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്. 184 പിഎസ് കരുത്ത് ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 380 എൻഎം ആണ് ടോർക്ക്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 7.7 സെക്കൻഡ് നേരമാണ് ഈ വാഹനമെടുക്കുക. ലിറ്ററിന് 17.05 കിലോമീറ്റർ മൈലേജ് നൽകാൻ എൻജിന് സാധിക്കും. 179 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുണ്ട്.
39.7 ലക്ഷം രൂപയാണ് എക്സ്1എം മോഡലിന്റെ ഷോറൂം വില.


Click it and Unblock the Notifications








