2017 ഏപ്രില്‍ മുതല്‍ നാലാം കരിമ്പുകച്ചട്ടം നിലവില്‍ വരും
രാജ്യത്ത് നാലാം കരിമ്പുകച്ചട്ടം (ഭാരത് സ്റ്റേജ് 4 എമിഷന്‍ നോംസ്) 2017 ഏപ്രില്‍ മാസം മുതല്‍ കര്‍ശനമായി നടപ്പാക്കും. ഈ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നാലാം കരിമ്പുകച്ചട്ടം മുമ്പോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത എന്‍ജിന്‍ ഘടിപ്പിച്ച ഒരു വാഹനവും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.
ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരങ്ങള്‍ ഇന്ത്യയിലാണുള്ളത്. ദില്ലി ഇക്കാര്യത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നു. നിലവില്‍ മൂന്നാം കരിമ്പുകച്ചട്ടമാണ് വ്യാപകമായി നടപ്പാക്കിയിട്ടുള്ളത്. യൂറോപ്പ് പോലുള്ള സ്ഥലങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുമ്പിലാണുള്ളത്.
നിലവില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നാലാം കരിമ്പുകച്ചട്ടം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാന്‍ അനുവാദമുള്ളൂ. ചെന്നൈ, ബങ്കളുരു, ഹൈദരബാദ്, കൊല്‍ക്കത്ത, ദില്ലി എന്‍സിആര്‍, മുംബൈ തുടങ്ങിയ ഇടങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങുന്നു. രാജ്യത്തെ ഇടത്തരം നഗരങ്ങളില്‍ ഇപ്പോഴും വന്‍ കരിമ്പുക പുറന്തള്ളുന്ന വാഹനങ്ങളാണ് വില്‍ക്കുന്നത്. ഇത് മൊത്തത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്നുണ്ട്.

അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ക്രമേണ കുറച്ചു കൊണ്ടു വരേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ട്. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളാണ് കരിമ്പുക നിര്‍ഗമനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതെങ്കിലും വാഹനങ്ങളുടെ നിലവാരക്കുറവ് ചൂണ്ടിക്കാട്ടി ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ കുറ്റം ചാരുന്നത് അവര്‍ക്കൊരു പതിവാണ്.
ഇത്തരം മാനദണ്ഡങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന വിഷയം കൂടിയാണിത്. പതുക്കെയെങ്കിലും ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകയാണ് ഇന്ത്യ. പുതിയ ചട്ടം നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ വിലയിലും വ്യത്യാസം വരും. ഏറ്റവും പുതിയ സാങ്കേതികതകള്‍ ഉപയോഗിക്കേണ്ടി വരും കാര്‍നിര്‍മാതാക്കള്‍ക്ക് എന്നതാണ് കാര്യം.


Click it and Unblock the Notifications








