2015ല്‍ കാറുകള്‍ കൂടിയ വിലയ്ക്ക് വാങ്ങാം!
വന്‍ പ്രതീക്ഷകളുടെ ഭാരമൊന്നുമില്ലാതെയാണ് ഓട്ടോവിപണി പുതിയ വര്‍ഷത്തിലേക്കു കടക്കുന്നത്. വില്‍പനാമാന്ദ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഏറെക്കാലമായി വില വര്‍ധിപ്പിക്കാതെ ഉപഭോക്താക്കളുടെ പരിമിതമായ ഒഴുക്ക് നിലനിര്‍ത്താന്‍ പാടുപെടുകയായിരുന്നു കാര്‍നിര്‍മാതാക്കള്‍. ഈ നിലപാടില്‍നിന്നും പിന്‍മാറാന്‍ എല്ലാവരും തീരുമാനിച്ചു കഴിഞ്ഞു. ഫലം ചുരുങ്ങിയ വാക്കുകളില്‍ പറയാം: പുതിയവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടുതലായിരിക്കും!
ഓട്ടോവിപണിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന നികുതിയിളവുകള്‍ എടുത്തുമാറ്റിയിരിക്കുകയാണ് പുതിയ സര്‍ക്കാര്‍. ഡിസംബര്‍ 31ന് നികുതിയിളവിന്റെ കാലാവധി അവസാനിച്ചു.
നികുതിയിളവ് തുടരില്ല എന്നതിനര്‍ഥം വിലകളില്‍ ഇനിയും മാറ്റമുണ്ടാകും എന്നതാണ്. ഇതിനകം തന്നെ മിക്ക കാര്‍നിര്‍മാതാക്കളും വിലകളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. പല കമ്പനികളുടെയും വിലമാറ്റം ഇന്നുമുതലാണ് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങുക. വിലകള്‍ വര്‍ധിപ്പിക്കാതിരുന്ന കഴിഞ്ഞ പത്തുമാസലക്കാലയളവില്‍ അസംസ്‌കൃവസ്തുക്കള്‍ക്ക് വലിയതോതില്‍ ചെലവേറിയതാവുകയുണ്ടായി.
സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കപ്പെടുന്നതോടെ വരുന്ന വിലമാറ്റം എന്തായിരിക്കുമെന്നത് കാത്തിരുന്ന് അറിയേണ്ടതുണ്ട്. നികുതിയിളവ് സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയ നഷ്ടം മാസത്തില്‍ 2500 കോടി രൂപയുടേതായിരുന്നു.

ചെറുകാറുകള്‍ക്കും ടൂ വീലറുകള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും 12 ശതമാനം നികുതിയുണ്ടായിരുന്നത് യുപിഎ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാലബജറ്റ് 8 ശതമാനമായി കുറച്ചിരുന്നു. എസ്‌യുവികളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമായാണ് കുറച്ചത്. മിഡ് സൈസ്ഡ് കാറുകളുടെ നികുതി 24 ശതമാനത്തില്‍നിന്ന് 20 ശതമാനമായും വലിയ കാറുകളുടെ നികുതി 27 ശതമാനത്തില്‍നിന്ന് 24 ശതമാനമായും കുറയ്ക്കുകയാണ്ടായി.
നികുതിയിളവ് ഇല്ലാതാവുന്നതോടെ വാഹനങ്ങളുടെ വിലയില്‍ 4 ശതമാനത്തിന്റെ വര്‍ധന സംഭവിക്കുമെന്ന് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറയുന്നു.
നികുതിയിളവ് പിന്‍വലിച്ചതോടെ ഓഹരിവിപണിയില്‍ ഓട്ടോമൊബൈല്‍ ഷെയര്‍വിലകള്‍ ഇടിഞ്ഞിട്ടുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നേരിട്ട തിരിച്ചടി ഓട്ടോവിപണിക്ക് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് സിയാം പ്രസിഡണ്ട് വിക്രം കിര്‍ലോസ്‌കര്‍ പറയുന്നു.
അതെസമയം ഇന്ധനവിലയില്‍ സമീപകാലത്തുണ്ടായ കുറവ് ഓട്ടോവിപണിക്ക് അനുകൂലമായിത്തീരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എക്‌സൈസ് ഡ്യൂട്ടി വര്‍ധിക്കുന്നതു മൂലം സംഭവിക്കാനിടയുള്ള വില്‍പനാപ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ബാലന്‍സ് ചെയ്യുന്നതിന് ഇന്ധനവിലയിലെ കുറവ് കാരണമായിത്തീരും. തുടക്കത്തില്‍ എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ വില്‍പനയെ വിലവര്‍ധന ചെറിയ തോതില്‍ ബാധിക്കുമെങ്കിലും പതുക്കെ വിപണി കരകയറുമെന്നാണ് വിപണിനിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
രണ്ടുവര്‍ഷം തുടര്‍ച്ചയായി മാന്ദ്യത്തിലോടിയതിന്റെ ക്ഷീണത്തില്‍ തന്നെയാണ് വിപണി ഇപ്പോഴുമുള്ളത്. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ വിപണിയില്‍ പൊതുവില്‍ വരുത്തുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും വിപണിയുടെ ഭാവി. ഇതിലേക്ക് കണ്ണുംനട്ടിരിപ്പാണ് കമ്പനികള്‍.


Click it and Unblock the Notifications