ദുബൈയില്‍ ഡീസല്‍ കാറുകള്‍ ഇനി അനുവദിക്കില്ല?
ദുബൈയില്‍ ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കേണ്ടെന്ന തീരുമാനം വരാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. എങ്കിലും രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ പലതും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി പുതിയ സാങ്കേതികതകള്‍ ഡീസല്‍ കാറുകളുടെ മലിനീകരണപ്രശ്‌നങ്ങള്‍ കുറച്ചിട്ടുണ്ട്. എങ്കിലും താരതമ്യേന ഇക്കാര്യത്തില്‍ മുമ്പില്‍തന്നെയാണ് ഡീസല്‍ കാറുകള്‍. ഇതാണ് ദുബൈ അധികൃതരുടെ പുതിയ നീക്കത്തിനു പിന്നില്‍ എന്നാണറിയുന്നത്.

അതെസമയം ഈ പുതിയ ചട്ടം കാറുകള്‍ക്കു മാത്രമേ നിര്‍ബന്ധമാക്കൂ എന്നാണ് അറിയുന്നത്. ഹെവി വാഹനങ്ങള്‍ക്ക് തുടര്‍ന്നും ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും.
ഡീസല്‍ ഇന്ധനത്തെ സംബന്ധിച്ച് പുതിയ ചട്ടം ഇത്തരം കാറുകള്‍ ഇഷ്ടപ്പെടുന്നവരില്‍ നിരാശയുണ്ടാക്കും എന്ന പ്രശ്‌നം മാത്രമേ ദുബൈ നഗരത്തിലുള്ളൂ. സമാനമായ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്.
ഈയിടെ പാരിസ് നഗരത്തില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യൂറോപ്പിലെമ്പാടും ഇത്തരം ആലോചനകള്‍ നടക്കുന്നുണ്ട്.


Click it and Unblock the Notifications








