ഹ്യൂണ്ടായ് ക്രെറ്റ വെബ്‌സൈറ്റ് തുറന്നു
ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിയുടെ ലോഞ്ച് തിയ്യതി അടുത്തുകൊണ്ടിരിക്കുകയാണ്. ഈ മാസം 21നാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. വിപണിപ്രവേശത്തിനു മുമ്പുതന്നെ വാഹനത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുകയാണ് ഹ്യൂണ്ടായ് ഇപ്പോള്‍.
ക്രെറ്റ എസ്‌യുവിയുടെ ചില സ്‌കെച്ചുകള്‍ ഹ്യൂണ്ടായ് ഇതിനിടെ പുറത്തുവിട്ടിരുന്നു. നമ്മുടെ പക്കല്‍ ഇപ്പോഴുള്ള ചിത്രങ്ങള്‍ ഈ വാഹനത്തിന്റെ ചൈനീസ് പതിപ്പിന്റെയാണ്. ഇന്ത്യന്‍ പതിപ്പിന് എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്ന് ലഭ്യമായ സ്‌കെച്ചുകള്‍ സൂചന നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ ടെറാനോ, ഡസ്റ്റര്‍ തുടങ്ങിയ ചെറു എസ്‌യുവികളുമായിട്ടാണ് ക്രെറ്റ ഏറ്റുമുട്ടേണ്ടത്. കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റാണിത്. ഇക്കാരണത്താല്‍ തന്നെ സര്‍വസന്നാഹങ്ങളോടെയായിരിക്കും ക്രെറ്റ എത്തുക. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തിലുണ്ടായിരിക്കും. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഘടിപ്പിച്ചിരിക്കും.
ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഫ്‌ലൂയിഡിക് ശില്‍പത്തിന്റെ ഏറ്റവും പുതിയ പതിപ്പായ 'ഫ്‌ലൂയിഡിക് സ്‌കള്‍പ്ചര്‍ 2.0' ആണ് ക്രെറ്റ എസ്‌യുവിയുടെ ശരീരഭംഗി. വളരെ സ്‌പോര്‍ടിയായി ഡിസൈന്‍ ശൈലിയാണ് ഹ്യൂണ്ടായ് ക്രെറ്റയ്ക്കു വേണ്ടി അവലംബിച്ചിട്ടുള്ളത്.
ഹ്യൂണ്ടായ് സാന്റ ഫെയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് വലിയ കടമെടുപ്പ് നടന്നിട്ടുണ്ട് ക്രെറ്റയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന്. നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

ക്രെറ്റയുടെ എന്‍ജിന്‍ അടക്കമുള്ള വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഒരു ഓട്ടോമാറ്റിക് വേരിയന്റ് വാഹനത്തിനുണ്ടാകും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. മാസത്തില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ക്രറ്റ മോഡലുകള്‍ വില്‍ക്കണമെന്നാണ് ഹ്യൂണ്ടായ് ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications








