മഹീന്ദ്ര ഹാലോ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍
കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ അവതരിപ്പിച്ച മഹീന്ദ്രയുടെ നീക്കം രാജ്യത്തിന്റെ കാര്‍വിപണിയുടെ വളര്‍ച്ചയാഗ്രഹിക്കുന്ന ആരെയും സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു. ഈ കണ്‍സെപ്റ്റ് ഒരുവെറും കണ്‍സെപ്റ്റായി അവശേഷിക്കുമോ എന്ന സന്ദേഹം അന്നേ പലരും പ്രകടിപ്പിച്ചതാണ്. എന്നാല്‍, തങ്ങള്‍ ഇത്തിരി സീരിയസ്സാണ് ഇക്കാര്യത്തിലെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാണ് മഹീന്ദ്ര ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കാര്‍ പ്രേമികളില്‍ ആകാംക്ഷ വളര്‍ത്തുന്നത്.
ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വിപണി കാര്യമായ വളര്‍ച്ച പ്രാപിച്ചിട്ടില്ല നിലവില്‍. എന്നാല്‍, ഭാവിയിലെ വലിയ സാധ്യതകളെയാണ് മഹീന്ദ്ര ഇപ്പോള്‍ മുന്നില്‍കാണുന്നത്. മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് കാറിന്റെ ഔദ്യോഗിക ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

മഹീന്ദ്ര ഹാലോ എന്നാണ് ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ പേര്. മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ വിഭാഗമായ രേവയാണ് ഈ വാഹനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇന്ത്യയെ മാത്രം ലാക്കാക്കിയല്ല ഈ ഇലക്ട്രിക് കാര്‍ വരുന്നത് എന്നതിനാല്‍ അധികം താമസിക്കാതെ തന്നെ ഉല്‍പാദനത്തിനൊരുങ്ങുന്ന എന്ന് പ്രതീക്ഷിക്കപെടുന്നു.

ഇന്ത്യയുടെ ആദ്യത്തെ തനത് സ്‌പോര്‍ട്‌സ് കാര്‍ എന്ന വിശേഷണത്തോടെ ഒരു കാര്‍ ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്. മുംബൈയിലെ പ്രശസ്തമായ ദിലീപ് ഛബ്രിയ ഡിസൈന്‍ സ്റ്റുഡിയോയാണ് ഈ പെട്രോള്‍ സ്‌പോര്‍ട്‌സ് കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഡിസിയുടെ സ്‌പോര്‍ട്‌സ് കാറിന്റെ എല്ലാ ഘടകഭാഗങ്ങളും സാങ്കേതികതയും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തവയല്ല. എന്‍ജിന്‍ വാങ്ങുന്നത് റിനോയില്‍ നിന്നാണ്. മഹീന്ദ്രയുടെ ഇലക്ട്രിക് കാറിന്റെ എല്ലാ ഘടകഭാഗങ്ങളും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തവയായിരിക്കും. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയുടെ ആദ്യത്തെ തനത് സ്‌പോര്‍ട്‌സ് കാര്‍ എന്ന വിശേഷണത്തിനും മഹീന്ദ്ര രേവ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ അര്‍ഹത നേടിയേക്കും.

മഹീന്ദ്ര ഹാലോ സ്‌പോര്‍ട്ട്‌സ് കാറിന് ഫുള്‍ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റെയ്ഞ്ചുണ്ട്. ഏറ്റവുമുയര്‍ന്ന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7 മുതല്‍ 8 സെക്കന്‍ഡ് വരെ നേരമെടുത്തേക്കും.

മഹീന്ദ്രയുടെ തന്നെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതു പ്രകാരം ഹാലോ സ്‌പോര്‍ട്‌സ് കാറിന് 20 ലക്ഷം മുതല്‍ 25 ലക്ഷം വരെ വില വരും. ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള സ്‌പോര്‍ട്‌സ് കാറുകളിലൊന്നായിരിക്കും ഈ വാഹനം. ഡിസിയുടെ പെട്രോള്‍ കാറിന് 35 ലക്ഷത്തിന്റെ പരിസരത്തില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും ആധുനികമായ സാങ്കേതികതകളില്‍ നിര്‍മിച്ചെടുക്കുന്നതായിരിക്കും ഈ വാഹനം. ഉയര്‍ന്ന പ്രകടനശേഷിയുള്ള ഡ്രൈവ്-ട്രെയിനും മികച്ച ബാറ്ററി സാങ്കേതികതയുമെല്ലാം ചേര്‍ന്ന് വാഹനത്തെ വിജയത്തിലെത്തിക്കുമെന്നാണ് കരുതുന്നത്.

മഹീന്ദ്ര വികസിപ്പിച്ചെടുത്ത എന്‍എക്‌സ്ജി പ്ലാറ്റ്‌ഫോമിലാണ് ഹാലോ സ്‌പോര്‍ട്‌സ് കാര്‍ നിലപാടുറപ്പിക്കുക. കാറിലെ എല്ലാ സംവിധാനങ്ങളും ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി സെറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മിക്കുകയെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. ബ്രേക്കിങ്, ഹാന്‍ഡ്‌ലിങ്, ആക്‌സിലറേഷന്‍ തുടങ്ങിയവയിലെല്ലാം ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ നല്‍കും.

ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ വികസനത്തിനായി വന്‍നിക്ഷേപമാണ് മഹീന്ദ്ര നടത്തുന്നത്. ഇതെക്കുറിച്ച് വിശദമായ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.


Click it and Unblock the Notifications








