വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കെതിരെ മഹീന്ദ്ര റെയ്ഡ് നടത്തുന്നു
വ്യാജ വാഹനഘടകഭാഗങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ ഇടങ്ങളില്‍ പൊലീസുമായി സഹകരിച്ച് മഹീന്ദ്ര റെയ്ഡ് നടത്തുന്നു. മഹീന്ദ്ര വാഹനങ്ങളുടെ ഘടകഭാഗങ്ങളുടെ വ്യാജന്മാരെ തിരിച്ചറിയുന്നതിന് കമ്പനി അയച്ച വിദഗ്ധരുടെ സഹകരണത്തോടെയാണ് പൊലീസ് റെയ് നടത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ദില്ലിയിലെ കശ്മീരി ഗേറ്റിനടുത്ത് റെയ്ഡ് നടന്നു.
നേരത്തെ ചെന്നൈ അടക്കമുള്ള ചില നഗരങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സ് വിപണിയെക്കാള്‍ വലിയ വിപണിയായി മാറാന്‍ വ്യാജന്മാര്‍ക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ആശങ്ക സിയാം അടക്കമുള്ളവര്‍ പ്രകടിപ്പിച്ചിരുന്നു. വിലക്കുറവാണ് ആളുകളെ വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകളിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൈനയില്‍ നിന്നുള്ള വ്യാജന്മാര്‍ ഒറിജിനല്‍ വിപണിക്ക് വലിയ ഭീഷണിയായിട്ടുണ്ട്.
മഹീന്ദ്രയില്‍ ഘടകഭാഗങ്ങളുടെ ചുമതലയുള്ള ഹേമന്ത് സിക്ക വ്യാജനിര്‍മിതികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇദ്ദേഹം കഴിഞ്ഞ ഓഏപ്രില്‍ മാസത്തിലാണ് കമ്പനിയില്‍ ചാര്‍ജെടുത്തത്. ഇതിനകം തന്നെ നിരവധി കേന്ദ്രങ്ങളില്‍ പൊലീസുമായി യോജിച്ച് റെയ്ഡുകള്‍ നടത്താന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

നിര്‍മാണസ്ഥലങ്ങള്‍ കണ്ടുപിടിക്കാനാണ് റെയ്ഡ് സംഘം ഏറെ പ്രയാസപ്പെടുന്നത്. വളരെ ചെറിയ ഷോപ്പുകളിലും മറ്റുമായാണ് ഇത്തരം നിര്‍മാണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ചെറിയ കേന്ദ്രങ്ങളില്‍നിന്ന് മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങളെത്തുന്നു.
വ്യാജഘടകഭാഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. കമ്പനിക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വരുന്നതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. വ്യാജ ഉല്‍പന്നങ്ങള്‍ ഗുണനിലവാരത്തില്‍ ഏറെ പിന്നിലാണ്. ഇത് അപകടങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. വ്യാജ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അപകടങ്ങളില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം നിരാകരിക്കാനും സാധിക്കും.


Click it and Unblock the Notifications








