മഹീന്ദ്ര ടിയുവി300 വിശദാംശങ്ങൾ പുറത്ത്; ലോഞ്ച് നാളെ
നാളെ (സെപ്തംബർ 10) വിപണി പിടിക്കുന്ന ടിയുവി300 മോഡലിന്റെ വിശദാംശങ്ങൾ മഹീന്ദ്ര പുറത്തുവിട്ടു. ചെറു എസ്‌യുവി വിപണിയിലേക്കുള്ള മഹീന്ദ്രയുടെ പുതിയ വാഹനത്തെ ആകാംക്ഷയോടെയാണ് ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരിക്കുന്നത്.
ഇപ്പോൾ ലഭ്യമായ വിവരങ്ങൾ താഴെ വായിക്കാം.

1.5 ലിറ്റർ ശേഷിയുള്ള ഒരു ട്വിൻ സ്ക്രോൾ എംഹോക്ക്80 എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ക്വൺടോയിൽ ചേർത്തിട്ടുള്ള എൻജിന്റെ പരിഷ്കരിച്ച രൂപമാണിത്.

80 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 230 എൻഎം ആണ് ടോർക്ക്. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനിലും 5 സ്പീഡ് സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാകും.

സെഗ്മെന്റിൽ ആദ്യമായാണ് സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ച വാഹനമെത്തുന്നത്. 7 ലക്ഷത്തിന്റെ പരിസരത്തിലാണ് വിലകൾ തുടങ്ങുക. 20000 രൂപ ഡൗൺ പേയ്മെന്റ് നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ആറ് നിറങ്ങളിൽ ടിയുവി300 മോഡൽ ലഭിക്കും. റെഡ്, വൈറ്റ്, സിൽവർ, ബ്ലാക്ക്, ഓറഞ്ച്, ബ്ലൂ എന്നീ നിറങ്ങളാണ് ഈ വാഹനത്തിന് പൂശുക.

മൂന്ന് വേരിയന്റുകളിൽ ടിയുവി300 മോഡൽ ലഭിക്കും. പവർ സ്റ്റീയറിങ്, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് കാമറ, അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ടാകും.

മഹീന്ദ്രയുടെ മൈക്രോ ഹൈബ്രിഡ് സാങ്കേതികതയും ട്യുവി300 മോഡലിൽ ചേർക്കുമെന്നാണ് കേൾക്കുന്നത്. നേരത്തെ സ്കോർപിയോയിൽ ഇത് ചേർത്തിരുന്നു.

ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിലായിരിക്കില്ല വാഹനം വരിക. എന്നാൽ, വിൽപന ശരിയായ പാതയിലെത്തിക്കഴിഞ്ഞാൽ ഫോർ വീൽ ഡ്രൈവ് കൊണ്ടുവരാൻ കമ്പനിക്ക് പ്ലാനുണ്ട്.

യുദ്ധടാങ്കിന്റെ ഡിസൈൻ ശൈലിയുടെ ചുവടുപിടിച്ചാണ് മഹീന്ദ്ര ഡിസൈനർമാർ ഈ കാർ രൂപകൽപന ചെയ്തിരിക്കുന്നത്. കൃത്യമായും ഒരു എസ്‌യുവിയായിരിക്കും ഈ വാഹനമെന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications