എക്സ്‌യുവി അടക്കമുള്ള മഹീന്ദ്ര മോഡലുകൾ സെമി ഓട്ടോമാറ്റിക്കാവുന്നു!
സെലെരിയോയുടെ വിപണിപ്രവേശത്തോടെയാണ് കൃത്യമായിപ്പറഞ്ഞാൽ ഈ ട്രെൻഡ് തുടങ്ങിയത്. സെമി ഓട്ടോമാറ്റിക് എന്ന പദം അത്രകണ്ട് പരിചിതമല്ലാതിരുന്ന ഇന്ത്യയുടെ നിരത്തുകളിലേക്കാണ് സെലെരിയോ വന്നിറങ്ങിയത്. ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ എന്ന സാങ്കേതികനാമത്തിൽ അറിയപ്പെടുന്ന സെമി ഓട്ടോമാറ്റിക് പതിപ്പുകൾക്ക് വലിയ പ്രചാരം ലഭിച്ചു. സെലെരിയോയുടെ ഉയർന്ന വേരിയന്റിലായിരുന്നു ഈ ഗിയർബോക്സ് ചേർത്തിരുന്നത്. മാരുതിയുടെ കണ്ണ് തള്ളിച്ചുകൊണ്ട് സെലെരിയോയുടെ ഉയർന്ന പതിപ്പിനായി കൂടുതൽ ആവശ്യക്കാർ!
അവിടുന്നിങ്ങോട്ട് സെമി ഓട്ടോമാറ്റിക്കുകളുടെ കാലമാണ്. ടാറ്റ സെസ്റ്റ് അടക്കം ചില മോഡലുകൾ ഇതിനകം തന്നെ എഎംടി ഗിയർബോക്സുമായി വിപണിയിലുണ്ട്.

ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്, മഹീന്ദ്രയും സെമി ഓട്ടോമാറ്റിക് മോഡലുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു എന്നാണ്. നഗരത്തിരക്കുകളിലും ഹൈവേകളിലും ഓഫ് റോഡിങ് പ്രതലങ്ങളിലും ഒരുപോലെ പ്രകടനശേഷിയുള്ള കാറുകളാണ് ഇപ്പോൾ ആളുകൾക്കാവശ്യം. ഇന്ത്യയുടെ ഏറ്റവും വലിയ എസ്‌യുവി നിർമാതാവായ മഹീന്ദ്ര ഇക്കാര്യം വ്യക്തമായി തിരിച്ചറിയുന്നു.
ഈയിടെ ലോഞ്ച് ചെയ്ത സ്കോർപിയോയുടെ പുതുക്കിയ പതിപ്പിൽ സെമി ഓട്ടോമാറ്റിക് ഗിയർബോക്സുണ്ട്. ഈ പതിപ്പിന് മികച്ച പ്രതികണമാണ് ലഭിക്കുന്നത്.
ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, മിക്ക മോഡലുകളിലും സെമി ഓട്ടോമാറ്റിക് ഘടിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചിരിക്കുകയാണ്. 2016 ആകുമ്പോഴേക്ക് എല്ലാ മോഡലുകളിലും ഒരു സെമി ഓട്ടോമാറ്റിക് പതിപ്പ് വീതം ലഭ്യമാക്കും മഹീന്ദ്ര.
വരാനിരിക്കുന്ന മോഡലുകളായ ടിയുവി300, എസ്101, യി215 എന്നീ മോഡലുകൾ വിപണിയിലെത്തുക ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ ഘടിപ്പിച്ചായിരിക്കുമെന്ന് ഏതാണ്ടുറപ്പിക്കാം.


Click it and Unblock the Notifications








