എല്ലാ മാരുതി കാറുകളും ഓട്ടോമാറ്റിക്കാവും!
മാരുതി സുസൂക്കി പരിവർത്തനത്തിന്റെ പാതയിലാണ്. ചെറുകാറുകൾ നിർമിക്കാനുള്ള വൈദഗ്ധ്യം ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം അസ്തമിക്കുന്നതിന്റെ തുടക്കം കണ്ടുതുടങ്ങുകയാണ്. ഉപഭോക്താക്കൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അന്തർദ്ദേശിയ നിലവാരമുള്ള ഡിസൈൻ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വയം മാറ്റത്തിന് തയ്യാറെടുക്കുകയല്ലാതെ മാരുതിക്ക് മറ്റ് വഴികളില്ല ഇവിടെ.
പ്രീമിയം നിലവാരത്തിലുള്ള കാറുകൾ ഇതിനകം തന്നെ മാരുതി വിപണിയിലെത്തിച്ചു കഴിഞ്ഞു. മികച്ചതെന്നു പറയാവുന്ന പ്രതികരണം ഉപഭോക്താക്കളിൽ നിന്നും വന്നുതുടങ്ങിയിട്ടില്ല. ഇതിന് സമയമെടുക്കുമെന്ന് മാരുതിക്കും അറിയാം. പുതിയ പ്രീമിയം മോഡലുകൾ വിപണിയിലെത്തിക്കാനുള്ള പരിപാടികൾ കമ്പനി നീക്കിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് എല്ലാ കാർ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിക്കാനുള്ള മാരുതിയുടെ തീരുമാനം പുറത്തുവരുന്നത്. ഇത് വിപ്ലവകരമായ ഒരു നീക്കം തന്നെയായിരിക്കും വിപണിയിൽ. രാജ്യത്തെ ഏറ്റവും വലിയ കാർനിർമാതാവിന്റെ ഒരു ചെറിയ തീരുമാനം പോലും മറ്റ് കാർനിർമാതാക്കളെ നന്നായി സ്വാധീനിക്കും.
സെലെരിയോ, ആൾട്ടോ കെ10, വാഗൺ ആർ, ഡിസൈർ, ബൊലെനോ, സിയാസ് എന്നീ പതിപ്പുകളിലാണ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ളത്. ഇവയിൽത്തന്നെ എല്ലാ വേരിയന്റിലും ഓട്ടോമാറ്റിക് ലഭ്യമല്ല.



Click it and Unblock the Notifications