മാരുതിയുടെ ആദ്യത്തെ പ്രീമിയം ഷോറൂം തുറന്നു
മാരുതി തങ്ങളുടെ പ്രീമിയം കാറുകള്‍ക്ക് പ്രത്യേകമായി നിര്‍മിക്കുന്ന ഷോറൂമുകളില്‍ ആദ്യത്തേത് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. 'നെക്‌സ' എന്നാണ് ഈ ഷോറൂമിന് പേര്. ന്യൂ ദില്ലിയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്.
നിലവില്‍ മാരുതിയുടെ സിയാസ് സെഡാന്‍ മാത്രമേ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുന്നുള്ളൂ. പിന്നാലെ, ഇനി വിപണിയില്‍ പ്രവേശിക്കാനിരിക്കുന്ന എസ് ക്രോസ്സ് ക്രോസ്സോവര്‍, വൈആര്‍എ പ്രീമിയം ഹാച്ച്ബാക്ക് എന്നിവയും ഷോറൂമിലെത്തിച്ചേരും.
ഇത്തരം ഷോറൂമുകള്‍ രാജ്യത്തെമ്പാടും തുറക്കുവാനാണ് മാരുതിയുടെ പദ്ധതി. വിലക്കുറവുള്ള ചെറുകാറുകള്‍ക്കിടയില്‍ പ്രീമിയം കാറുകള്‍ കൂടി വെച്ച് വില്‍ക്കുന്നത് ബ്രാന്‍ഡ് നിര്‍മിതിക്ക് സഹായിക്കില്ല എന്നു തിരിച്ചറിഞ്ഞാണ് മാരുതിയുടെ നീക്കം.

ഇന്ത്യയില്‍ മാരുതി സുസൂക്കിയുടെ ബ്രാന്‍ഡ് ഇമേജ് ചെറുകാറുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തേച്ചുമാച്ചാലും പോകാത്ത വിധത്തില്‍ ഇത് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞു കിടക്കുകയാണ്. വിപണിയുടെ സ്വഭാവത്തില്‍ ഗൗരവപ്പെട്ട മാറ്റങ്ങള്‍ വരുന്നത് കണ്ടാണ് മാരുതി പുതിയ നടപടിക്ക് തയ്യാറാകുന്നത്. പ്രീമിയം നിലവാരത്തിലുള്ള കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം കൂടി വരികയാണ്. ഉപഭോക്താക്കളുടെ ക്രയശേഷി വര്‍ധിക്കുന്നതിനൊപ്പം ബ്രാന്‍ഡിന്റെ സ്വഭാവത്തിലും മാറ്റം വന്നേ പറ്റൂ.
മാരുതിയുടെ പുതിയ നയം ക്ലച്ചാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഹോണ്ട അടക്കമുള്ള കാര്‍നിര്‍മാതാക്കളില്‍ നിന്നുള്ള കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തില്‍ മാരുതിക്ക് ഇതൊരു ജീവന്മരണ പ്രശ്‌നം തന്നെയാണ്.
മാരുതിയുടെ പ്രീമിയം കാറുകളോയും പ്രീമിയം ഷോറൂമുകളോടും ഉപഭോക്താക്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications








