മാരുതി ബലെനോ ഉൽപാദനം ഇന്ത്യയിൽ തുടങ്ങി
മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് മോഡൽ ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയതായി അറിയുന്നു. മനെസറിലെ മാരുതി പ്ലാന്റിലാണ് ഉൽപാദനം നടക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് അടുത്തുതന്നെ സംഭവിക്കുമെന്നതിന്റെ സൂചനയാണിത്.
അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ബലെനോ വിപണിയിലെത്തുമെന്നാണ് ഊഹിക്കേണ്ടത്. തിരക്കിട്ട് ഉൽപാദനത്തിലേക്ക് കടന്നതിന്റെ ലക്ഷ്യം ദീപാവലി സീസണിൽ തന്നെ ലോഞ്ച് നടത്തലാണോയെന്ന് സന്ദേഹിക്കാവുന്നതാണ്.

സെപ്തംബർ 15ന് തുടങ്ങുന്ന ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ മാരുതി സുസൂക്കി ബലെനോ അവതരിപ്പിക്കപ്പെടുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. ലോഞ്ച് ഇതിനു ശേഷമായിരിക്കും നടക്കുക. അന്താരാഷ്ട്രവിപണികളിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യും ഈ വാഹനം.

സുസൂക്കിയുടെ ബൂസ്റ്റർജെറ്റ് സാങ്കേതികതയിൽ നിർമിച്ച ഒരു 1.5 ലിറ്റർ ഡീസൽ എൻജിനായിരിക്കും ഈ ഹാച്ച്ബാക്കിൽ ചേർക്കുക. ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ച് നിർമിച്ചതാണ് ഈ എൻജിൻ.

ഹോണ്ട ജാസ്സ്, ഫിയറ്റ് പൂന്തോ ഇവോ, ഫോക്സ്‌വാഗൺ പോളോ, എലൈറ്റ് ഐ20 എന്നീ കാറുകളാണ് ബലെനോയുടെ എതിരാളികളായി വിപണിയിലുള്ളത്.

സുസൂക്കിയുടെ മാതൃദേശമായ ജപ്പാനിലേക്കും ബലെനോ ഹാച്ച്ബാക്ക് കയറ്റി അയയ്ക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിൽ പ്രീമിയം നിലവാരത്തിലുള്ള വാഹനങ്ങളുടെ കൂട്ടത്തിലായിരിക്കും ബലെനോയുടെ സ്ഥാനം. മാരുതിയുടെ നെക്സ ഷോറൂമുകളിലൂടെയായിരിക്കും വിൽപന.

ഒരു പെട്രോൾ എൻജിനും വാഹനത്തിലുണ്ടായിരിക്കും. ബൂസ്റ്റ്ജെറ്റ് സാങ്കേതികതയിൽ നിർമിക്കപെട്ട 1 ലിറ്റർ എൻജിനോ, നിലവിൽ എർറ്റിഗയിൽ ഉപയോഗിക്കുന്ന 1.4 ലിറ്റർ എൻജിനോ ആയിരിക്കും വാഹനത്തിലുപയോഗിക്കുക.


Click it and Unblock the Notifications








