പുതിയ മാരുതി എർറ്റിഗ ഓഗസ്റ്റ് 20ന്
മാരുതി സുസൂക്കി എർറ്റിഗ എംപിവിയുടെ പുതുക്കിയ പതിപ്പ് ഓഗസ്റ്റ് 20ന് വിപണി പിടിക്കുമെന്നുറപ്പായി. ഡിസൈനിലും സാങ്കേതികതയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടായിരിക്കും പുതിയ എർറ്റിഗ വിപണിയിലെത്തുക. ഗ്രിൽ, എയർഡാം, ബംപർ തുടങ്ങിയ ഇടങ്ങളിൽ വരുത്തുന്ന പുതുക്കലുകൾ എർറ്റിഗയുടെ മുഖച്ഛായയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ബോഡി നിറങ്ങൾ എർറ്റിഗയിൽ ലഭ്യമാക്കുമെന്നും കേൾക്കുന്നുണ്ട്. അലോയ് വീൽ ഡിസൈനിലും മാറ്റം വന്നേക്കും.
വാഹനത്തിന്റെ ഇൻറീരിയർ നിലവാരം ഉയർത്തുന്ന കാര്യം മാരുതി പരിഗണിച്ചിട്ടുണ്ട്. പുതിയ ചില ഫീച്ചറുകളും കൂട്ടിച്ചേർത്തേക്കും. വിലയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

എർറ്റിഗയുടെ വിപണിയിലെ നിലപാട് വിൽപനയ്ക്ക് കാര്യമായ ഗുണം ചെയ്യുന്ന വിധത്തിലായില്ല എന്ന അനുമാനത്തിലാണ് മാരുതിയിപ്പോഴുള്ളത്. ഹോണ്ടയുടെ മൊബിലിയോയും റിനോയുടെ ലോഡ്ജിയുമെല്ലാം എർറ്റിഗയുടെ വിപണിയിടം കവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അടുത്ത പുതുക്കൽ വാഹനത്തിന്റെ വിൽപന വർധിപ്പിക്കാൻ സഹായിക്കുമോ എന്ന് കാത്തിരുന്നറിയണം.


Click it and Unblock the Notifications








