മാരുതി സുസൂക്കി എക്രോസ് ഐഐഎഫ്എ അവാര്‍ഡ്‌സില്‍ അവതരിക്കും!
മാരുതി സുസൂക്കി എസ് ക്രോസ്സ് ക്രോസ്സോവറിന്റെ ഇന്ത്യന്‍ പതിപ്പ് (എക്രോസ് എന്ന പേരില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന കാര്‍) ജൂണ്‍ 7ന് അവതരിപ്പിക്കപ്പെടും. അവതരണം പക്ഷേ, ഇന്ത്യയിലല്ല നടക്കുക. മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നടക്കുന്ന ഐഐഎഫ്എ അവാര്‍ഡ്‌സ് 2015ലാണ് ഈ വാഹനത്തിന്റെ അവരണച്ചടങ്ങ് വെച്ചിരിക്കുന്നത്. നിറയെ ബോളിവുഡ് സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ ഗ്ലാമര്‍ പരിവേഷത്തോടെ പുറത്തിറങ്ങാനാണ് എക്രോസ്സിന്റെ പരിപാടി.
പുതിയ സാമ്പത്തികവര്‍ഷത്തില്‍ മാരുതിയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങളില്‍ ആദ്യത്തെതാണ് എക്രോസ്സ് ക്രോസ്സോവര്‍. ചെറു ക്രോസ്സോവറുകളുടെ സെഗ്മെന്റിലെ വന്‍ സാധ്യതകള്‍ മുതലെടുക്കുകയാണ് ലക്ഷ്യം. കൂടുതല്‍ വായിക്കാം താഴെ.

എന്‍ജിനുകളുടെ വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ചില വാര്‍ത്തകള്‍ പറയുന്നതു പ്രകാരം ആദ്യം ഡീസല്‍ എന്‍ജിനായിരിക്കും ഇന്ത്യയിലെത്തുക. എന്നാല്‍, ഇക്കാര്യത്തില്‍ മാരുതിയുടെ ഔദ്യോഗികവിശദീകരണം വന്നിട്ടില്ല എന്നതിനാല്‍ അവതരണദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്. 1.3 ലിറ്ററിന്റെയും 1.6 ലിറ്ററിന്റെയും ഡീസല്‍ എന്‍ജിനുകളാണ് എക്രോസ്സിലുണ്ടാവുക എന്ന് കേള്‍ക്കുന്നുണ്ട്. ഒരു 1.4 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനെക്കുറിച്ചും സൂചനകളുണ്ട്. കാര്യങ്ങളില്‍ വ്യക്തത വരാന്‍ അവതരണത്തീയതി വരെ കാത്തിരിക്കേണ്ടി വരും.

ഡീസല്‍ എന്‍ജിനുകളിലെ 1.3 ലിറ്റര്‍ ശേഷിയുള്ള ഒന്നുണ്ടെന്ന് പറഞ്ഞുവല്ലോ? ഇത് നിലവില്‍ സ്വിഫ്റ്റിലും ഡിസൈറിലുമെല്ലാം ഉപയോഗിക്കുന്ന ഫിയറ്റ് എന്‍ജിന്‍ തന്നെയാണ്. 1.6 ലിറ്റര്‍ എന്‍ജിന്‍ പുതിയതാണ് ഇന്ത്യയില്‍. ഈ എന്‍ജിന് 118 കുതിരശക്തി ഉണ്ടായിരിക്കും.

റിനോയുടെ ഡസ്റ്റര്‍, ഫോഡിന്റെ ഇക്കോസ്‌പോര്‍ട്, നിസ്സാന്റെ ടെറാനോ എന്നീ വാഹനങ്ങളാണ് ചെറു ക്രോസ്സോവര്‍ സെഗ്മെന്റില്‍ നിലവില്‍ ആധിപത്യം ഉറപ്പിച്ചിട്ടുള്ളത്. ഈ വാഹനങ്ങളെല്ലാം തന്നെ മത്സരത്തില്‍ കട്ടയ്ക്ക് നില്‍ക്കുന്നവയാണ്. ഇവിടെ, മാരുതിക്ക് കുറച്ചധികം കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നതാണ് നിര്‍ണായകം. വിലനിലവാരത്തിന്റെ കാര്യത്തില്‍ ഏറ്റവും മത്സരക്ഷമമാകാന്‍ മാരുതിക്ക് സാധിക്കും. തങ്ങളുടെ വമ്പന്‍ വില്‍പനാശൃംഖലയും മാരുതിയെ സഹായിക്കും.

4,300 മില്ലിമീറ്ററാണ് എക്രോസ്സ് ക്രോസ്സോവറിന്റെ നീളം. 1,765 മില്ലിമീറ്റര്‍ വീതിയുണ്ട്. വീല്‍ബേസ് 2,600 മില്ലിമീറ്ററാണ്.

വിലകള്‍ 8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിസ്സാന്‍ ടെറാനോ, റിനോ ഡസ്റ്റര്‍ എന്നീ മോഡലുകളെയാണ് നേരിട്ട് ബാധിക്കുക.

മാരുതിയുടെ സ്വിഫ്റ്റ് ഡിസൈര്‍ പതിപ്പില്‍ നിന്നും കടമെടുക്കുന്ന ഇന്റീരിയറായിരിക്കും എസ് ക്രോസ്സിലുണ്ടാവുകയെന്ന് കേള്‍ക്കുന്നു. ഈ വാഹനത്തെ കുറച്ച് പ്രീമിയം നിലവാരത്തില്‍ നിറുത്തണമെന്നാണ് മാരുതിയുടെ ആഗ്രഹം. പ്രീമിയം കാറുകളുടെ വിഭാഗത്തിലേക്ക് തങ്ങളുടെ ബ്രാന്‍ഡിനെ കൊണ്ടു ചെന്നെത്തിക്കുകയും അതുവഴി മാറുന്ന വിപണിസ്വഭാവത്തിനൊപ്പിച്ച് നില്‍ക്കുകയും ചെയ്യുക എന്ന നയത്തിന്റെ ഭാഗമാണിത്.

രാജ്യത്തെമ്പാടും പ്രീമിയം കാര്‍ ഷോറൂമുകള്‍ തുടങ്ങാനുള്ള പരിപാടി മാരുതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. നിലവില്‍ മാരുതി സിയാസ് മോഡല്‍ മാത്രമാണ് ഈ ഷോറൂമിലുള്ളത്. ഇതിലേക്ക് എസ് ക്രോസ്സ് ക്രോസ്സോവര്‍ കൂടി ചെന്നു ചേരും.

2014ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് എസ് ക്രോസ്സ് ക്രോസ്സോവറിന്റെ അവതരണം ആദ്യമായി നടന്നത്. അന്ന് കൂടെ അവതരിച്ച സിയാസ് കണ്‍സെപ്റ്റ് ഇപ്പോള്‍ വിപണിയിലുണ്ട്.


Click it and Unblock the Notifications








