മൂന്നാമത്തെ ഡാറ്റ്‌സന്‍ കാര്‍ തയ്യാറെടുക്കുന്നു
വളര്‍ന്നുവരുന്ന മാര്‍ക്കറ്റുകളിലെ വോള്യം വിപണിയില്‍ 'കൈനനയാതെ' മീന്‍ പിടിക്കാനായി നിസ്സാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ബ്രാന്‍ഡാണ് ഡാറ്റ്‌സന്‍. എന്നാല്‍ ഡാറ്റ്‌സന്‍ വാഹനത്തിന്റെ ഗുണനിലവാരമില്ലായമയുടെ കൊടുമ കണ്ട് അന്തംവിട്ട ഗ്ലോബല്‍ എന്‍സിഎപി നിസ്സാനെ നേരിട്ട് അഭിസംബോധന ചെയ്ത് വിമര്‍ശനം അഴിച്ചുവിട്ടു.
കൈ ശരിക്കും നനഞ്ഞതിന്റെ കുളിരില്‍ ഇരിപ്പാണ് നിസ്സാന്‍ ഇപ്പോഴും. എങ്കിലും പിന്‍വാങ്ങാന്‍ കമ്പനി തീരുമാനിച്ചിട്ടില്ല. ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനു ശേഷം ഗോ പ്ലസ് എംപിവി വിപണിയിലെത്തിച്ച നിസ്സാന്‍ ഇപ്പോള്‍ പുതിയൊരു വാഹനം ഇന്ത്യയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്!
കുറെക്കൂടി പ്രീമിയം നിലവാരത്തിലുള്ള ഒരു വാഹനമായിരിക്കും ഡാറ്റ്‌സനില്‍ നിന്ന് ഇനി വരികയെന്ന് ചിലര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട റെഡി ഗോ കണ്‍സെപ്റ്റ് വാഹനത്തിലേക്കാണ് എല്ലാവരുടെ ശ്രദ്ധ ഇപ്പോള്‍ തിരിയുന്നത്. ഈ വാഹനത്തിന്റെ ഉല്‍പാദന മോഡലാകാം ഡാറ്റ്‌സന്റെ മനസ്സിലുള്ളതെന്ന് ചിലര്‍ക്ക് തോന്നലുണ്ട്.

2016 ആണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലോകവിപണിയില്‍ 10 ശതമാനം വിപണിവിഹിതം പിടിക്കാനാണ് നിസ്സാന്റെ പദ്ധതി. 2017 വരെ ഇന്ത്യയില്‍ പുതിയ വാഹനം കൊണ്ടുവരേണ്ടതില്ല എന്നായിരുന്നു നിസ്സാന്റെ ആദ്യപദ്ധതി.
ഇന്ത്യയില്‍ വില്‍പനാശൃംഘലകളുടെ അഭാവം കമ്പനിയുടെ വില്‍പനയെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.


Click it and Unblock the Notifications








