അതിസമ്പന്നര്‍ വളരുന്നു: റോള്‍സ് റോയ്‌സിന്റെ ഇന്ത്യന്‍ പ്രതീക്ഷകളും
ബ്രിട്ടിഷ് അത്യാഡംബര കാര്‍ നിര്‍മാതാവായ റോള്‍സ് റോയ്‌സ് ഇന്ത്യയെ തന്ത്രപ്രധാന വിപണിയായി കാണുന്നുവെന്ന് കമ്പനിയുടെ ഏഷ്യാ പസിഫിക് ജനറല്‍ മാനേജരായ സ്വീന്‍ ജെ റിറ്റര്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസം ചെന്നൈ നഗരത്തില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ വെച്ചാണ് റിറ്റര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഏഷ്യ പസിഫിക് മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. റോള്‍സ് റോയ്‌സ് പോലെയുള്ള വാഹനങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുടെ എണ്ണം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചെന്നൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം റോള്‍സ് റോയ്‌സ് കാറിന് വില 4.5 കോടി രൂപയാണ്. (കൂടുതല്‍ വിശദമായി അറിയാനാഗ്രഹിക്കുന്നവര്‍ ഞങ്ങളുടെ ഡാറ്റാബേസിലേക്ക് ചെല്ലുക.)
ഗോസ്റ്റ് സീരീസ് 2 കാറുകളുടെ പ്രത്യേകതകളിലൊന്ന് ഇതൊരു 'ഡ്രൈവര്‍ കാര്‍' ആണെന്നുള്ളതാണ്. റോള്‍സ് റോയ്‌സ് കാറുകളെക്കുറിച്ചുള്ള പൊതുധാരണകളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഈ സംഗതി. വന്‍ സമ്പന്നര്‍ ഷൗഫര്‍മാരെ വെച്ച് ഓട്ടിക്കുന്ന കാറുകള്‍ എന്നാണ് റോള്‍സ് റോയ്‌സ് കാറുകളെ നമ്മള്‍ മനസ്സിലാക്കി വന്നിരുന്നത്.

സ്വയം ഡ്രൈവ് ചെയ്യാനാഗ്രഹിക്കുന്നവരുടെ കാര്‍ എന്നു പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുന്നുണ്ട്. യുവാക്കളെയാണ് ഈ കാര്‍ ലക്ഷ്യ വെക്കുന്നത് എന്നതാകുന്നു അക്കാര്യം.
സിനിമാതാരങ്ങള്‍, ബിസിനസ്സുകാര്‍, യുവ സംരംഭകര്‍ തുടങ്ങിയവരെയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് റോള്‍സ് റോയ്‌സ് വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ലോകത്തെമ്പാടുമായി റോള്‍സ് റോയ്‌സ് 4,063 കാറുകള്‍ വിറ്റഴിച്ച കാര്യവും റിറ്റര്‍ ഓര്‍മിപ്പിച്ചു. ഇതൊരു ചരിത്ര നേട്ടമായിരുന്നു കമ്പനിയെ സംബന്ധിച്ച്.
പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം അത്യാഡംബര കാര്‍നിര്‍മാതാക്കളുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിട്ടുണ്ട്. അതിസമ്പന്നരുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ നയങ്ങള്‍ കേന്ദ്ര സര്‍ക്കാരെടുക്കുന്നുണ്ട് എന്നതില്‍ അവര്‍ സന്തുഷ്ടരുമാണ്.


Click it and Unblock the Notifications