ബജാജ് ക്വാഡ്രി റോട്ടിലിറക്കാന്‍ പറ്റില്ലെന്ന് ശ്രീലങ്ക
ക്വാഡ്രിസൈക്കിള്‍ വിപണിയിലെത്തിക്കാനുള്ള ബജാജിന്റെ നീക്കങ്ങള്‍ക്ക് തുടക്കം മുതലേ തിരിച്ചടിയാണ് ലഭിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി വന്നുചേര്‍ന്നതാണ് പുതിയ വാര്‍ത്ത.
ബജാജ് ആര്‍ഇ60 തങ്ങളുടെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ശ്രീലങ്കന്‍ മോട്ടോര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് വിഷയം പഠിച്ച് നിരോധന ഉത്തരവ് നല്‍കിയത്.
സുരക്ഷാപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വാഹനം നിരത്തിലിറക്കുന്നത് ശ്രീലങ്ക തടസ്സം പറയുന്നത്. ഈ വാഹനം ഓട്ടോറിക്ഷയെക്കാള്‍ സുരക്ഷിതത്വം കുറഞ്ഞതാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു.

ഓട്ടോറിക്ഷകള്‍ക്ക് പകരമാകുന്ന മറ്റൊരു വാഹനം എന്ന നിലയിലാണ് ബജാജ് ആര്‍ഇ60 എന്ന നാലുചക്രവാഹനം അവതരിപ്പിച്ചത്. എന്നാല്‍, അങ്ങേയറ്റം സുരക്ഷിതത്വം കുറഞ്ഞ ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന അഭിപ്രായവുമായി കാര്‍നിര്‍മാതാക്കള്‍ തന്നെ രംഗത്തു വരികയുണ്ടായി. എങ്കിലും, ക്വാഡ്രിസൈക്കിള്‍ എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് വാഹനം നിരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ ബജാജിന് അനുമതി നല്‍കി.
ശ്രീലങ്കയുടെ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രകാരം എവിടെയും ഉള്‍പെടുത്താന്‍ പറ്റാത്ത ഡിസൈനാണ് വാഹനത്തിനുള്ളത്. കാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ ആവശ്യമായ യാതൊരു ഗുണനിലവാരവും വാഹനത്തിനില്ല. ഓട്ടോറിക്ഷകളുടെ ഗണത്തിലും പെടുത്താനാവില്ല.
ഇന്ത്യയില്‍ ചെയ്തതുപോലെ സമ്മര്‍ദ്ദം ചെലുത്തി ക്വാഡ്രിസൈക്കിള്‍ എന്ന വിഭാഗം ശ്രീലങ്കയില്‍ ഉണ്ടാക്കാന്‍ ബജാജിന് സാധിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications








