ഓഗസ്റ്റ് മാസത്തിൽ ഏറ്റവുമധികം വിറ്റ 10 കാറുകൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാറുകളുടെ വിപണിയിലുണ്ടായ വളർച്ച അത്ഭുതകരമാണ്. ഇടത്തരക്കാർക്കിടയിൽ സംഭവിച്ച സാമ്പത്തികവളർച്ചയാണ് ഈ വിപണിവളർച്ചയ്ക്ക് കാരണമായത്. ഈ മാറ്റം ഇപ്പോഴും ശക്തമായി തുടരുക തന്നെയാണ്. പുതിയ കാർമോഡലുകൾക്കായി ദാഹിക്കുന്ന ഒരു വിപണിയാണ് ഇന്ത്യയുടേത്.
കാർവിപണിയുടെ വളർച്ചയെയും തളർച്ചയെയുമെല്ലാം സൂക്ഷമമായി പ്രതിഫലിപ്പിക്കുന്നുവെന്നതിനാൽ ഓരോ മാസത്തെയും വിൽപനാക്കണക്കുകൾ സുപ്രധാനമാണ്. കാർ വാങ്ങാൻ പദ്ധതിയിടുന്നവരെ സംബന്ധിച്ചും ഈ കണക്കുകൾ പ്രധാനമാണ്. എല്ലാവർക്കും വേണ്ടി ഒഗസ്റ്റ് മാസത്തിലെ വിൽപനാക്കണക്കുകൾ നൽകുകയാണിവിടെ. കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റ 10 കാറുകൾ!

10. ഫോഡ് ഫിഗോ ആസ്പയർ
ഈയടുത്ത് ലോഞ്ച് ചെയ്ത ഫോഡ് ഫിഗോ ആസ്പയറാണ് വിൽപനയിൽ പത്താം സ്ഥാനത്ത് വരുന്നത്. ഓഗസ്റ്റ് മാസത്തിൽ ആകെ 5176 യൂണിറ്റ് ആസ്പയറുകൾ വിറ്റഴിച്ചു.

09. ഹോണ്ട ജാസ്സ്
ഒമ്പതാം സ്ഥാനത്തെത്തുന്നതും പുതിയതായി വിപണിയിൽ പ്രവേശിച്ച ഒരു മോഡലാണ്. ഓഗസ്റ്റ് മാസത്തിൽ ആകെ 5404 മോഡലുകളാണ് വിറ്റഴിച്ചത്.

08. ഹോണ്ട സിറ്റി
വിൽപനാവളർച്ചയുടെ കാര്യത്തിൽ ഹോണ്ട പുലർത്തുന്ന സ്ഥിരത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹോണ്ടയുടെ സിറ്റി സെഡാനാണ് വിൽപനയിൽ എട്ടാം സ്ഥാനത്തുള്ളത്. ഓഗസ്റ്റ് മാസത്തിൽ ആകെ 5405 യൂണിറ്റാണ് വിറ്റത്.

07. മാരുതി സെലെരിയോ
മാരുതിയുടെ സെലെരിയോ ഹാച്ച്ബാക്കാണ് വിൽപനയിൽ ഏഴാം സ്ഥാനത്ത് വരുന്നത്. ആകെ 7927 യൂണിറ്റാണ് വിറ്റഴിച്ചത്. 19 ശതമാനത്തിന്റെ വിൽപനാവളർച്ച സംഭവിച്ചിട്ടുണ്ട്.

06. ഹ്യൂണ്ടായ് എലൈറ്റ് ഐ20
ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20 മോഡൽ വിപണിയിൽ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ 29 ശതമാനം വിൽപനാവളർച്ച കണ്ടെത്താൻ ഈ മോഡലിന് സാധിച്ചു. 8521 മോഡലുകളാണ് ആകെ വിൽപന.

05. ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10
വിൽപനയിൽ ഒരു കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുകയാണ് ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10. 54 ശതമാനമാണ് വിൽപനാവളർച്ച. ഓഗസ്റ്റ് മാസത്തിൽ 10255 യൂണിറ്റ് വിറ്റഴിച്ചിരിക്കുന്നു.

04. മാരുതി വാഗൺ ആർ
നാലാം സ്ഥാനത്തു വരുന്നത് മാരുതി സുസൂക്കി വാഗൺ മോഡലാണ്. വിൽപനയിൽ 14 ശതമാനം വർധന വന്നിരിക്കുന്നു. 14648 യൂണിറ്റാണ് ആകെ വിൽപന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 13133 യൂണിറ്റായിരുന്നു വിൽപന.

03. മാരുതി സ്വിഫ്റ്റ്
മൂന്നാം സ്ഥാനത്ത് വരുന്നത് മാരുതി സ്വിഫ്റ്റ് മോഡലാണ്. 5 ശതമാനത്തിന്റെ വിൽപനാവളർച്ചയും സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ആകെ വിറ്റഴിച്ചത് 16811 മോഡലുകളാണ്.

02. മാരുതി സ്വിഫ്റ്റ് ഡിസൈർ
ഫോഡ് ഫിഗോ ആസ്പയർ പോലുള്ള എതിരാളികൾ ഡിസൈറിന്റെ വിൽപനയെ ഒരൽപം ബാധിച്ചിട്ടുണ്ട്. എങ്കിലും ആദ്യസ്ഥാനങ്ങളിൽ തന്നെയാണ് ഈ വാഹനത്തിന്റെ നിൽപ്. ഓഗസ്റ്റ് മാസത്തിൽ 18718 യൂണിറ്റി വിറ്റാണ് ഡിസൈർ രണ്ടാം സ്ഥാനത്തെത്തിയത്.

01. മാരുതി സുസൂക്കി ആൾട്ടോ
ഒന്നാം സ്ഥാനത്ത് ആൾട്ടോ റെയ്ഞ്ച് മോഡലുകൾ തന്നെയാണ് എത്തിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ആകെ 23017 ആൾട്ടോകൾ വിറ്റഴിച്ചു.


Click it and Unblock the Notifications








