ഹൈബ്രിഡ് കാമ്രിക്ക് കോഴിക്കോട് ആവശ്യക്കാരേറെ!
ടൊയോട്ട കാമ്രി ഹൈബ്രിഡ് മോഡലിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത് മെയ് മാസത്താലാണ്. മഹീന്ദ്ര അടക്കമുള്ളവര്‍ സംശയിച്ചു നില്‍ക്കുന്ന മേഖലയാണ് ഹൈബ്രിഡ് മോഡലുകളുടേത്. എന്നാല്‍ ഈ മേഖല സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കാമ്രി ഹൈബ്രിഡിന്റെ വില്‍പനാക്കണക്കുകള്‍.
ഇതിനകം തന്നെ 280 യൂണിറ്റ് വിറ്റഴിച്ചു കഴിഞ്ഞെന്നാണ് ടൊയോട്ട പറയുന്നത്. ലോഞ്ച് ചെയ്ത് അമ്പത് ദിവസത്തിനകമാണ് ഈ നേട്ടം കൈവരിച്ചതെന്നോര്‍ക്കണം. 2014ല്‍ ആകെ വിറ്റത് 720 ഹൈബ്രിഡ് കാമ്രികളായിരുന്നു.

ടൊയോട്ടയുടെ പ്രതീക്ഷയെ വളര്‍ത്തുന്ന മറ്റൊരു ഘടകം കാമ്രിക്ക് ലഭിക്കുന്ന അന്വേഷണങ്ങളാണ്. ഇതുവരെ 730 അന്വേഷണങ്ങള്‍ വാഹനത്തെസ്സംബന്ധിച്ച് വന്നുകഴിഞ്ഞു. ഡെലിവറി ചെയ്യാന്‍ കിടക്കുന്ന ഓര്‍ഡറുകള്‍ 125 വരും.
കോഴിക്കോട്, പൂനെ, കോയിമ്പത്തൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കാമ്രി പ്രീമിയം കാറിന്റെ ഹൈബ്രിഡ് പതിപ്പുകള്‍ ഏറെയും വിറ്റഴിഞ്ഞത്. ഇതില്‍ നിന്ന് ടൊയോട്ട മനസ്സിലാക്കുന്നത്, മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഹൈബ്രിഡ് കാറുകള്‍ വിറ്റുപോവുക എന്നാണ്.

ഇലക്ട്രിക് ഹൈബ്രിഡുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സഹായവും നല്‍കുന്നുണ്ട്. ഇതെല്ലാം ഉപഭോക്താക്കളുടെ ശ്രദ്ധ ഹൈബ്രിഡ് കാറുകളിലേക്കു തിരിയാന്‍ കാരണമായിട്ടുണ്ട്.


Click it and Unblock the Notifications