സിറ്റിക്കും വെർണയ്ക്കുമെതിരെ ടൊയോട്ട വിയോസ് 2018ൽ
ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ടയും വെർണയും അടക്കിബ്ഭരണം തന്നെ നടത്തുകയാണ്. ഇക്കൂട്ടർക്ക് ശക്തനായ ഒരെതിരാളിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടൊയോട്ട. ഈ ശ്രമത്തിന്റെ ഫലം 2018 ജനുവരി മാസത്തിൽ കാണാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ടൊയോട്ട വിയോസ് സെഡാന്റെ വിപണിപ്രവേശം അന്നാണ് നടക്കുക.
സിറ്റി സെഡാന് വിപണിയിലുള്ള സ്വീകാര്യതയെ ചോദ്യം ചെയ്യുക എളുപ്പമുള്ള കാര്യമല്ല. ദീർഘകാലമായി കൊണ്ടുനടക്കുന്ന പ്രഥമസ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ വേണ്ട പണിയെല്ലാം ഹോണ്ട നടത്താതിരിക്കില്ല. വിയോസിന്റെ സാധ്യതകളെക്കുറിച്ചാണ് നമ്മുടെ ചർച്ച.

രാജ്യത്ത് വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന സെഗ്മെന്റുകളിലൊന്നാണ് മിഡ് സൈസ് സെഡാനുകളുടേത്. ഇക്കഴിഞ്ഞ ഏപ്രിൽ-സെപ്തംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരം സെഗ്മെന്റിന്റെ വളർച്ച 16 ശതമാനമാണ്. ഇക്കാലയളവിൽ 89,669 യൂണിറ്റ് വിൽപന കണ്ടെത്താൻ ഈ സെഗ്മെന്റിന് സാധിച്ചു.

അതിശക്തനായ ഒരെതിരാളിയെ സെഗ്മെന്റിലെ രാജാക്കന്മാർക്ക് മുമ്പിലവതരിപ്പിക്കാനാണ് ടൊയോട്ട ശ്രമിക്കുന്നത്. ഇതിനായുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ കൂടി രൂപപ്പെടുത്തേണ്ടതുണ്ട് ടൊയോട്ടയ്ക്ക്.

പെട്രോൾ എൻജിനുകളുടെ വിശ്വാസ്യതയെ മുൻനിർത്തിയാണ് ഇന്ത്യയിൽ സിറ്റിയുടെ വളർച്ചയ്ക്ക് ഹോണ്ട അടിത്തറയിട്ടത്. ഈയടുത്തകാലത്ത് മികച്ചൊരു ഡീസൽ എൻജിനുമായി വിപണിയിലെത്തിയ ഹോണ്ട വിപണിയിലെ അപ്രമാദിത്വം നിലനിർത്തുകയുണ്ടായി.

ഹോണ്ടയുടെ തായ്‌ലൻഡിലെ ഗവേഷണ-വികസന കേന്ദ്രമാണ് ഇന്ത്യയ്ക്കായുള്ള വിയോസിന്റെ പണികൾ ചെയ്യുന്നത്. ഈ വാഹനത്തിന്റെ നിർമാണം പൂർണമായും ഇന്ത്യയിലായിരിക്കും. കടുത്ത മത്സരമുള്ള സെഗ്മെന്റിൽ മത്സരക്ഷമമായി വിലയിടൽ നടത്താൻ ഇത് ടൊയോട്ടയെ സഹായിക്കും.

ഈ കാറിനായി രണ്ട് പുതിയ എൻജിനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും റിപ്പോർട്ടുകൾ പറയുന്നുണ്ട്. 1.6 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനും 1.6 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനുമാണ് അവ. ഇന്ത്യയിൽ നിലവിലുള്ള എൻജിനുകൾ ഉപയോഗിക്കുകയാണെങ്കിൽ കൊറോളയിലും എട്യോസിലുമുള്ള എൻജിനുകളെ വേണം കാണാൻ.

തുടക്കത്തിൽ മാന്വൽ ഗിയർബോക്സുമായിട്ടായിരിക്കും വിയോസ് വരിക. പിന്നീട് ഓട്ടോമാറ്റിക് വേരിയന്റും വിപണി പിടിക്കും. ബേസ് വേരിയന്റിന് 7 ലക്ഷത്തിന്റെ പരിസരത്തിൽ വില കാണാനാണ് സാധ്യത. ഉയർന്ന വേരിയന്റിന് 11 ലക്ഷത്തിന്റെ പരിസരത്തിൽ വില കണ്ടേക്കും.


Click it and Unblock the Notifications








