വോള്‍വോ കാറുകള്‍ മഹീന്ദ്ര പ്ലാന്റില്‍ അസംബ്ള്‍ ചെയ്യും?
ഇന്ത്യയില്‍ മറ്റേതൊരു ആഡംബര കാര്‍ നിര്‍മാതാവിനുമൊപ്പം മികവുറ്റ പ്രതിച്ഛായയുണ്ട് വോള്‍വോയ്ക്ക്. സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും അത്യാധുനിക സന്നാഹങ്ങളുടെ കാര്യത്തിലും ഈ കമ്പനി പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നയം എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റുന്നതാണ്. എന്നാല്‍, ഇന്ത്യയില്‍ വേണ്ടപോലെ വളര്‍ച്ച പ്രാപിക്കാന്‍ വോള്‍വോയ്ക്ക് സാധിക്കുന്നില്ല. അതിന് കാരണവുമുണ്ട്.
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വോല്‍വോ കാറുകളെല്ലാം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്നവയാണ്. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിലയില്‍ വന്‍ വര്‍ധന വരുന്നു. കടുത്ത മത്സരം നടക്കുന്ന ആഡംബര കാര്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വോള്‍വോയ്ക്ക് സാധിക്കാതെ വരുന്നത് ഇതിനാലാണ്.

പുതിയ ചില വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത് വോള്‍വോ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കമ്പനി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ്. മഹീന്ദ്രയുടെ പ്ലാന്റ് ഉപയോഗിച്ച് ഉല്‍പാദനം നടത്താന്‍ സാധിക്കുമോ എന്നാണ് വോള്‍വോ ഇപ്പോള്‍ ആരായുന്നത്. ഇക്കാര്യത്തില്‍ മഹീന്ദ്രയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
വോള്‍വോയ്ക്ക് കര്‍ണാടകത്തിലുള്ള ബസ്സ് പ്ലാന്റ് കുറെക്കൂടി വിപുലീകരിച്ച് കാര്‍ അസംബ്ലിങ്ങിനുള്ള സന്നാഹങ്ങള്‍ കൂടി ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും അറിയുന്നു.


Click it and Unblock the Notifications








