വോള്‍വോ വി40 ഹാച്ച്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
വോള്‍വോ വി40 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്തെ പ്രീമിയം കാര്‍ വിപണിയില്‍ ചെറുവാഹനങ്ങള്‍ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയെ മുന്നില്‍കണ്ടാണ് വോള്‍വോയുടെ പുതിയ നീക്കം. ഈ ഹാച്ബാക്കിന്റെ ക്രോസ്സോവര്‍ മോഡല്‍ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. വി40 ക്രോസ് കണ്‍ട്രി എന്നാണ് ഈ വാഹനത്തിനു പേര്.
കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രങ്ങളോടൊപ്പം വായിക്കാം.

രണ്ട് വേരിയന്റുകളാണ് വി40 ഹാച്ച്ബാക്കിനുള്ളത്. കൈനറ്റിക്, ആര്‍ ഡിസൈന്‍ എന്നിങ്ങനെ. ദില്ലി എക്‌സ്‌ഷോരൂം നിരക്ക് പ്രകാരം 24,75,000 രൂപയാണ് കൈനറ്റിക് വേരിയന്റിനുള്ളത്. ആര്‍ ഡിസൈന്‍ പതിപ്പിന് 27,75,000 രൂപ വില വരുന്നു.

വി40 ഹാച്ച്ബാക്കിനെ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ് വോള്‍വോ ചെയ്യുന്നത്. ഈ വാഹനം ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള ഒരു പദ്ധതി വോള്‍വോയ്ക്കുണ്ട്. 2015 അവസാനത്തോടെ ഈ പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വി40 ക്രോസ് കണ്‍ട്രി എന്ന പേരില്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പ് വിപണിയിലെത്തിയ ക്രോസ്സോവര്‍ മോഡലിന്റെ അതേ ഡിസൈന്‍ തന്നെയാണ് വി40 ഹാച്ച്ബാക്കിനുള്ളത്. ക്രോസ്സോവര്‍ മോഡലില്‍ കാണുന്ന ബോഡ് ക്ലാഡിങ് വി40 ഹാച്ച്ബാക്കില്‍ കാണില്ല എന്നുമാത്രം.

നിലവില്‍ വി40 ഹാച്ച്ബാക്കില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചു മാത്രമേ ലഭിക്കൂ. പെട്രോള്‍ പതിപ്പ് അധികം താമസിക്കാതെ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2.0 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വി40 ഹാച്ച്ബാക്കിലുള്ളത്. ഈ എന്‍ജിന്‍ 150 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 350 എന്‍എം ആണ് ടോര്‍ക്ക്. ഓട്ടോമാറ്റിക്, മാന്വല്‍ ട്രാന്‍സ്മിഷനുകളില്‍ കാര്‍ ലഭിക്കും.

ഏതൊരു വോള്‍വോ കാറിനെയും പോലെ, വി40 ഹാച്ച്ബാക്കിലും നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഡൈനമിക് സ്റ്റബിലിറ്റി ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇന്റലിജന്റ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് ബെന്‍ഡിങ് ലൈറ്റുകള്‍, പെഡസ്ട്രിയന്‍ എയര്‍ബാഗ് തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയ വാഹനമാണ് വി40 ഹാച്ച്ബാക്ക് എന്നറിയുക.


Click it and Unblock the Notifications








