എന്തിനാണ് ആപ്പിള്‍ കാറുണ്ടാക്കുന്നത്?
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നാണല്ലോ? ആയതിനാല്‍, ഫോണും കാറും തമ്മില്‍ ഇഴപിരിയാബന്ധങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കും ഇക്കാലത്ത്. കാറുകളിലെ മിക്കവാറും ആശയവിനിമയ ഉപാദികള്‍ ഇന്ന് സ്മാര്‍ട്‌ഫോണുകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ കാര്യമെടുക്കുകയാണെങ്കില്‍ (ആപ്പിള്‍ നിര്‍മിക്കാന്‍ പോകുന്നത് ഇലക്ട്രിക് കാറാണല്ലോ?) ലിതിയം അയണ്‍ ബാറ്ററിയുടെ സാന്നിധ്യം എടുത്തു പറയാം. എന്നിരിക്കിലും, ഇതൊന്നും തന്നെ ഒരു കമ്പ്യൂട്ടര്‍ നിര്‍മാതാവ് കാര്‍ നിര്‍മാതാവാകാന്‍ ഒരുമ്പെടുന്നതിനെ ന്യായീകരിക്കാന്‍ പര്യാപ്തമല്ല.
എന്തുകൊണ്ടാണ് ആപ്പിള്‍ എന്ന ചെറു ഗാഡ്ജറ്റുകളുടെ നിര്‍മാതാവ് കാര്‍ എന്ന വലിയ ഗാഡ്ജറ്റ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്? ആപ്പിളിനെ ഇത്രകണ്ട് ആകര്‍ഷിക്കാന്‍ മാത്രം എന്താണ് കാര്‍നിര്‍മാണ മേഖലയിലുള്ളത്? ഒരു ചര്‍ച്ചയാണ് താഴെ.

താളുകളിലൂടെ നീങ്ങുക.

കേട്ടുകേള്‍വികള്‍
സ്റ്റീവ് ജോബ്‌സിന്റെ കാലത്തുതന്നെ ആപ്പിള്‍ കാറിനെക്കുറിച്ച് ഏറെ കേട്ടിരുന്നു. വെറും 'കേള്‍വി'യല്ലാതെ കാര്യമായ നീക്കങ്ങളൊന്നും ആപ്പിളിന്റെ ഭാഗത്തുനിന്ന് അക്കാലത്തുണ്ടായിട്ടില്ല. ഇപ്പോള്‍ വീണ്ടും വാര്‍ത്തകള്‍ പൊന്തിവന്നിരിക്കുകയാണ്.

പബ്ലിക് റിലേഷന്‍സ് തട്ടിപ്പ്?
മുമ്പെന്നപോലെ ഇപ്പോഴും ഊഹങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ഇത് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. ആപ്പിളിന്റെ ഒരു പിആര്‍ കാംപൈനാണ് ഇതെന്ന് ആരോപിക്കുന്നവര്‍ ഏറെയാണ്. കാറുണ്ടാക്കല്ല പോലും ആപ്പിളിന്റെ ലക്ഷ്യം!

രഹസ്യ ലാബ്?
കാര്‍ നിര്‍മിക്കുന്നതിനുള്ള ഗവേഷണവികസന പരിപാടികള്‍ക്കായി ഒരു രഹസ്യ ലാബ് തുറന്നിട്ടുണ്ട് ആപ്പിള്‍ എന്നാണ് മറ്റൊരു വാര്‍ത്ത പറയുന്നത്. കാറുണ്ടാക്കുന്നതിന് എന്തിനാണ് ഗഹസ്യലാബ് എന്നും ചോദിക്കാവുന്നതാണ്. ഈ രഹസ്യാത്മകതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏതൊ പിആര്‍ കമ്പനിയുടെ കാഞ്ഞ ബുദ്ധിയാണെന്നും വരാം.

റിക്രൂട്ട്മെന്റ്
എന്തായാലും കമ്പനി ഈ ഗവേഷണകേന്ദ്രത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയെന്നാണ് ഇതേ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ആയിരത്തോളം പേരെ എടുക്കുന്നുണ്ടത്രേ. ആയിരം പേരൊക്കെയുള്ള ഒരു 'രഹസ്യകേന്ദ്ര'ത്തിന് എത്രനാള്‍ രഹസ്യമായിട്ടിരിക്കാന്‍ പറ്റും? കാത്തിരുന്നറിയാം.

ആപ്പിള്‍ ടെസ്‌ല രാഷ്ട്രീയം
ആപ്പിളിന്റെ ഈ പുതിയ കാര്‍ താല്‍പര്യത്തിനു പിന്നില്‍ ടെസ്‌ലയാണെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കുന്നുണ്ട്. ടെസ്‌ലയ്ക്ക് ഇന്ന് ആപ്പിളിന് ഗാഡ്ജറ്റ് വിപണിയിലുള്ളതിനു സമാനമായ അന്തസ്സാണ് കാര്‍വിപണിയിലുള്ളത്. ഭാവിയില്‍ ടെസ്‌ല കാറുകള്‍ വോള്യം വിപണിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ ആഡംബര കാറുകള്‍ നാളത്തെ എന്‍ട്രി ലെവല്‍ കാറുകളാണെന്നാണല്ലോ വെപ്പ്?

ലാക്കാക്കുന്നത് ഭാവിയുടെ വിപണി?
ഭാവിയില്‍ വിപണിയിലെത്തുന്ന മിക്ക വാഹനങ്ങളും ഗാഡ്ജറ്റുകളെ വലിയ തോതില്‍ ആശ്രയിക്കുന്നവയായിരിക്കും എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. വലിയൊരു വിപണിയിടമാണ് ഇത് തുറന്നിടുന്നത്. വന്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഒരു വെറും ഗാഡ്ജറ്റ് സപ്ലയറായിരിക്കുന്നതിലും നല്ലത് സ്വയം കാറുകളുണ്ടാക്കി വില്‍ക്കുന്നതല്ലേ എന്ന് ആപ്പിളിന് തോന്നിയിട്ടുണ്ടെങ്കില്‍ തെറ്റ് പറയാനാവില്ല.

ഒരു വെറും ഫാന്റസി?
ഇതേ തോന്നല്‍ നമ്മുടെ ഗൂഗിളിനും ഈയിടെ ഉണ്ടായിരിക്കുന്നു. ഭാവിയിലെ കാര്‍ വിപണിയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടാനിടയുള്ള ചില നിര്‍ണായക സാങ്കേതികതകള്‍ തങ്ങളുടെ പക്കലുള്ളതാണ് ഗൂഗിളിനെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. എന്നാല്‍, ഇത്തരം സാങ്കേതികതകള്‍ കൊണ്ടുമാത്രം ഒരു നല്ല കാര്‍ നിര്‍മാതാവാകാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗാഡ്ജറ്റ് വിപണിയിലെ അതേ കളികള്‍ കൊണ്ട് കാര്‍വിപണിയില്‍ മുന്നേറാമെന്നാണ് ആപ്പിള്‍ കരുതുന്നതെങ്കില്‍ അത് വെറുമൊരു ഫാന്റസി മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








