ഡസ്റ്റർ എഎംടി ഫേസ്‌ലിഫ്റ്റ് ലോഞ്ച് മാർച്ചിൽ
2016 ഓട്ടോഎക്സ്പോയിലുള്ള അരങ്ങേറ്റത്തിന് ശേഷം റിനോ തങ്ങളുടെ പുതിയ ഡസ്റ്റർ ഫേസ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2016 മാർച്ചോടുകൂടി പുതുക്കിയ ഡസ്റ്ററിനെ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ ഫ്രെഞ്ച് നിർമാതാവിൽ നിന്നും ഇക്കൊല്ലം ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യ വാഹനമാണ് ഡസ്റ്റർ ഫേസ്‌ലിഫ്റ്റ്. എഎംടി ഗിയർബോക്സും പുത്തൻ ഫീച്ചറുകളും ഉൾപ്പടെ ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാണ് ഡസ്റ്റർ എത്തുന്നത്.

2012ലാണ് ആദ്യമായി റിനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുന്നത്. അന്നുമുതൽ വില്പനയിൽ മുമ്പന്തിയിലുള്ളതും അനേകം ആരാധനാവലയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വാഹനമാണ് ഡസ്റ്റർ. ഡസ്റ്ററിൽ അല്പസ്വല്പം മാറ്റങ്ങൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അടിമുടി മാറ്റങ്ങൾക്ക് വിധേയമായി എത്തുന്നത് ഇതാദ്യമാണ്. അടുത്തിടെ ലോഞ്ച് ചെയ്ത ബ്രസീലീയൻ-സ്പെക് വേർഷന്റെ ഡിസൈനാണ് പുതിയ ഡസ്റ്ററിന് പകർന്ന് നൽകിയിട്ടുള്ളത്. കൂടാതെ നിലവിലുള്ള മോഡലിനേക്കാൾ മസിലൻ ആകാരഭംഗിയും കൂടുതൽ അഗ്രസീവ് ലുക്കുമാണ് ഈ പുത്തൻ പതിപ്പിനുള്ളത്.
പുതിയ ട്വിൻ സ്ലാറ്റ് ക്രോം ഗ്രിൽ, ഹോക്ക് ഐ ക്ലസ്റ്റർ ഹെഡ്‌ലാമ്പുകൾ, ബീഫി ഫ്രണ്ട് ബംബർ, വലുപ്പമേറിയ സിൽവർ സ്കിഡ് പ്ലേറ്റ്, സ്പോക് ഗൺ അലോയ് വീലുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎം, വലിയ റൂഫ് റെയിലുകൾ, വാട്ടർഫാൾ എൽഇഡി ടെയിൽ ലാമ്പുകൾ, ഫയർഫ്ലൈ ഫോഗ് ലാമ്പുകൾ എന്നിവ ഡസ്റ്ററിന്റെ പുറം മോടി വർധിപ്പിക്കുന്നു.
ഇന്റീരിയറിലും കുറെയേറെ പുതുമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, മീഡിയ നാവിഗേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഏസി, ഓട്ടോ അപ്/ഡൗൺ ആന്റി-പിഞ്ച് വിൻഡോ, ക്രൂസ് കൺട്രോൾ, വർധിപ്പിച്ച സ്റ്റോറേജ് കപ്പാസിറ്റി എന്നീ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഡ്യുവൽ എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർ സീറ്റ് ബെൽറ്റ് വാണിംഗ്, ഇഎസ്പി, ഹിൽ സ്റ്റാർട്ട്, പാർക്കിംഗ് സെൻസറുകൾ എന്നിവ ഈ വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു.
1.5ലിറ്റർ ഡീസൽ, 1.6ലിറ്റർ പോട്രോൾ എന്നീ എൻജിനുകളാണ് ഈ ഫേസ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡീസൽ എൻജിൻ 84ബിഎച്ച്പി/200എൻഎം, 108ബിഎച്ച്പി/245എൻഎം എന്നീ രണ്ട് തരത്തിലുള്ള പവറാണ് ഉല്പാദിപ്പിക്കുന്നത്. പെട്രോൾ എൻജിന് 103ബിഎച്ച്പി കരുത്തും 148എൻഎം ടോർക്കാമാണ് ഉള്ളത്. ഡീസൽ വേരിയന്റിൽ ഉൾപ്പെടുത്തിയ 6സ്പീഡ് ഈസി-ആർ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.
പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയതിനാൽ വിലയിൽ അല്പം വർധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. പുതിയ ഡസ്റ്റർ ഫേസ്‌ലിഫ്റ്റിന് ഹ്യുണ്ടായ് ക്രെറ്റ, നിസ്സാൻ ടെറാനോ എന്നിവയുമായി കടുത്ത മത്സരമാണ് നേരിടേണ്ടിവരിക.


Click it and Unblock the Notifications



































