സാങ്‌യോങ് ടിവോലി യുവതലമുറക്കായുള്ള മഹീന്ദ്രയുടെ വാഗ്‌ദാനം
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ സാങ്‌യോങ് ടിവോലി ഓട്ടോഎക്സ്പോയിൽ അവതരിച്ചു. കൊറിയൻ വാഹനനിർമ്മാതാവായ മഹീന്ദ്ര യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ കോംപാക്ട് എസ്‌യുവിക്ക് രൂപം നൽകിയത്. റെക്സ്ടണിന് ശേഷം ഇന്ത്യയിൽ ഇറക്കുന്ന രണ്ടാമത്തെ മോഡലാണ് ടിവോലി.
പൗരുഷം തുളുമ്പുന്ന ഈ എസ്‌യുവി മഹീന്ദ്ര പവലിയനിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. ഈ വാഹനത്തിന്റെ ബോഡിയുടെ നാല്പത് ശതമാനം ഭാഗങ്ങളും എഎച്ച്എസ് (advanced high strength steel) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് അപകടങ്ങളിൽ നിന്നുമുണ്ടാകുന്ന ആഘാതങ്ങൾക്ക് ഒരുപരിധി വരെ സംരക്ഷണം നൽകുന്നു.

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഈ എസ്‌യുവി ലഭ്യമാണ്. 1.6 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 126കുതിരശക്തിയും 160എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 113കുതിരശക്തിയും 300എൻഎം ടോർക്കുമാണ് 1.6 ലിറ്റർ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 15.6km/l, 23.2km/l എന്ന നിരക്കിലാണ് മൈലേജ്. 6സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്.
ആഗുലാർ ഹെഡ്‌ലാമ്പ്, സ്ലിം ഗ്രിൽ, വലുപ്പമേറിയ എയർഡാം ഇവയെല്ലാം ചേർന്ന് ഈ യങ് എസ്‌യുവിക്ക് ഒരു ഷാർപ്പ് ലുക്കാണ് നൽകുന്നത്. ഡയമണ്ട് കട്ട് അലോയ് വീലുകൾ ഇതിന് മോടിക്കൂട്ടുന്നു. ഇതിന്റെ ഇന്റീരിയർ ബ്ലാക്ക്, റെഡ്,ബീജ് എന്നീ മൂന്ന് വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്. സെമി-ബക്കറ്റ് സീറ്റുകൾ, 3.5ഇഞ്ച് ടച്ച്സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമെറ്റ് കൺട്രോൾ എന്നീ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷ ഉറപ്പാക്കാൻ 7 എയർബാഗുകൾ, എബിഎസ്, ഇഎസ്പി, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഓട്ടോഎക്സ്പോയിലുള്ള പ്രദർശനം കഴിഞ്ഞെങ്കിലും എന്നാണ് ഇന്ത്യൻ വിപണിയിൽ എത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഹ്യുണ്ടായ് ക്രേറ്റ, മാരുതി സുസുക്കി എസ്‌ക്രോസ് എന്നിവയോട് എറ്റുമുട്ടേണ്ടി വരും.


Click it and Unblock the Notifications
















