ബെസ്റ്റ് സെല്ലിംഗ് മിഡ്-സൈസ് സെഡാനുകളില്‍ ഹോണ്ട സിറ്റി മുന്നില്‍
ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വാഹന വിപണിയിലെ ജനപ്രിയ മോഡലുകളുടെ വില കുറഞ്ഞിരിക്കുകയാണ്.

ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അതത് മോഡലുകളില്‍ നിര്‍മ്മാതാക്കള്‍ ജൂലായ് ഒന്നിന് മുമ്പ് തന്നെ വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. പ്രീ-ജിഎസ്ടി ഓഫറുകളുടെ അടിസ്ഥാനത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

5187 യൂണിറ്റ് ഹോണ്ട സിറ്റിയും, 4243 യൂണിറ്റ് WR-V യുമാണ് ജൂണ്‍ മാസം ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വില്‍പന നടത്തിയത്. കേവലം ഹോണ്ട നിരയില്‍ മാത്രമല്ല, മറിച്ച് 2017 ന്റെ ആദ്യ പകുതിയില്‍ മിഡ്‌സൈസ് സെഡാന്‍ ശ്രേണിയില്‍ തന്നെ സിറ്റി വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്.

നേരത്തെ, സിറ്റിയെ മറികടന്ന് മാരുതി സിയാസ് മിഡ്‌സൈസ് സെഡാന്‍ ശ്രേണി കൈയ്യടുക്കുകയായിരുന്നു. 34125 യൂണിറ്റ് സിറ്റി സെഡാനുകളാണ് ജൂണ്‍ മാസം വരെ ഹോണ്ട വിറ്റിരിക്കുന്നത്.

സിറ്റിക്ക് പിന്നില്‍ ജാസ്, അമേസ് മോഡലുകള്‍ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയില്‍ നിലകൊള്ളുന്നു. 1307 യൂണിറ്റ് ജാസ് ഹാച്ച്ബാക്കുകളും 1193 അമേസ് സെഡാനുകളുമാണ് ജൂണ്‍ മാസം ഹോണ്ട വിറ്റത്.

അതേസമയം BR-V, ബ്രിയോ, CR-V മോഡലുകളില്‍ നിന്നും ശരാശരി വില്‍പന മാത്രമാണ് ഹോണ്ട നേടിയതും. കേവലം 567 യൂണിറ്റ് BR-V കളും, 283 യൂണിറ്റ് ബ്രിയോകളും, 24 യൂണിറ്റ് CR-V കളുമാണ് ഹോണ്ട നിരയില്‍ നിന്നും വില്‍ക്കപ്പെട്ടത്.

വന്‍പ്രചാരത്തിന് ശേഷം നിറംമങ്ങിയ സിറ്റി സെഡാന്റെ തിരിച്ച് വരവ് ഹോണ്ടയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. 2017 സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications