ഡിസൈനില്‍ പുതുമ ഒരുക്കി ഹ്യുണ്ടായി; കോണയില്‍ അതിശയിച്ച് വിപണി
ഹ്യുണ്ടായിയില്‍ നിന്നും വരാനിരിക്കുന്ന പുതിയ കോമ്പാക്ട് എസ്‌യുവി കോണയാണ് ഇന്ന് രാജ്യാന്തര വിപണികളിലെ ചര്‍ച്ചാവിഷയം. വരവിന് മുമ്പെ കോണയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് വിപണിയില്‍ പുതുതരംഗം ഒരുക്കിയിരിക്കുകയാണ്.

സ്‌പെയിനിന്റെ തലസ്ഥാനമായ മഡ്രിഡില്‍ നിന്നുമാണ് പുതിയ ഹ്യുണ്ടായ് കോണയെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയിരിക്കുന്നത്. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായുള്ള ചിത്രീകരണത്തിനായാണ് കോണ പൊതു സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും.

മെര്‍സിഡീസ് കാറുകള്‍ ഉപയോഗിച്ചാണ് കോണയുടെ ഷൂട്ടിംഗ് ഹ്യുണ്ടായി നടത്തിയത് എന്നതും ശ്രദ്ധേയം.

ആദ്യ കാഴ്ചയില്‍ കോണ
i20 യ്ക്ക് സമാനമായ കോര്‍പ്പറേറ്റ് ഹെക്‌സഗണല്‍ ഗ്രില്ലോട് കൂടിയ ഫ്രണ്ട് എന്‍ഡിലാണ് കോണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ട്വിന്‍ ഹെഡ്‌ലാമ്പുകളും, ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായി ഇടംപിടിച്ചിരിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലാമ്പുകളും കോണയുടെ ഡിസൈന്‍ ഫീച്ചറുകളാണ്.

കോണയില്‍ ഹ്യുണ്ടായി സ്വീകരിച്ചിരിക്കുന്ന ഡിസൈന്‍ തത്വം ഒരല്‍പം വിചിത്രമാണെന്ന് ഇതിനകം അഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു. ഹ്യുണ്ടായിയുടെ തന്നെ എസ്‌യുവി, ടക്‌സോണിനെ അനുസ്മരിപ്പിക്കുന്ന റിയര്‍ എന്‍ഡാണ് കോണയ്ക്ക് ലഭിച്ചിരിക്കുന്നത്.

അഗ്രസീവ് സ്‌റ്റൈലിംഗിന് ഒപ്പം ട്വിന്‍ ടെയില്‍ ലൈറ്റ് സെറ്റപ്പാണ് കോണയുടെ റിയര്‍ എന്‍ഡില്‍ ശ്രദ്ധ നേടുന്നത്. i20, i30 മോഡലുകളില്‍ നിന്നും കടമെടുത്ത ബോഡിവര്‍ക്കുകളാണ് കോണയ്ക്കുള്ളത്.

ഫോര്‍-വീല്‍-ഡ്രൈവ് വേരിയന്റിലും കോണയെ ഒരുക്കുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് കോണ വിപണിയില്‍ അവതരിക്കുക. 1.0 ലിറ്റര്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളിലാണ് കോണ വന്നെത്തുക. i20, i30 മോഡലുകളില്‍ ഹ്യുണ്ടായി നല്‍കിയതും സമാന എഞ്ചിനുകളെയാണ്.

2014 ജനീവ മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് കാറായാണ് കോണയെ ഹ്യുണ്ടായി ആദ്യം അവതരിപ്പിച്ചത്. ഹ്യുണ്ടായി നിരയില്‍ ടക്‌സോണിന് താഴെയായാകും കോണയുടെ സ്ഥാനം.

2017 ജൂണ്‍ 13 നാണ് കോണയുടെ രാജ്യാന്തര വരവ് ഹ്യുണ്ടായി നിശ്ചയിച്ചിരിക്കുന്നത്.

ഹവായ് ദ്വീപിലെ ഒരു ചെറിയ പ്രദേശത്തിന്റെ പേരാണ് കോണ. റെനോ കാപ്റ്റര്‍, നിസാന്‍ ജൂക്ക്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് മോഡലുകളെയാണ് കോണ എതിരിടുക.


Click it and Unblock the Notifications