ആഢംബരത്തിന്റെ അവസാന വാക്ക് റോള്‍സ് റോയ്‌സ് അല്ല, കിടപിടിക്കാന്‍ ടൊയോട്ടയുമുണ്ട്!
ആഢംബരത്തിന്റെ അവസാന വാക്ക് റോള്‍സ് റോയ്‌സ് മാത്രമാണോ? റോള്‍സ് റോയ്‌സ് പോലെ തന്നെ ബെന്റ്‌ലിയും ആഢംബര കാറുകളിലെ കിരീടമില്ലാത്ത രാജാവാണെന്ന വാദവും കാര്‍പ്രേമികള്‍ക്ക് ഇടയില്‍ ശക്തമാണ്.

എന്തായാലും കോടിപതികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന കാര്‍ റോള്‍സ് റോയ്‌സോ, ബെന്റ്‌ലിയോ ആണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യവും, അത്യാഢംബരം നിറഞ്ഞ പ്രതാപവും റോള്‍സ് റോയ്‌സ്, ബെന്റ്‌ലി കാറുകളുടെ സവിശേഷതയാണ്.

കൂടാതെ, ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റുന്നതില്‍ ഈ കാറുകള്‍ കഴിഞ്ഞേയുള്ളൂ, ബാക്കി അവതാരങ്ങളൊക്കെ! എന്നാല്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്ന റോള്‍സ് റോയ്‌സ്, ബെന്റ്‌ലികള്‍ക്ക് പകരക്കാരനായി ഒരു ആഢംബര അവതാരം, ടൊയോട്ട സെഞ്ച്വറി വിപണിയില്‍ ആരോരുമറിയാതെ കാലങ്ങളായി നിലകൊള്ളുന്നുണ്ട്.

ടൊയോട്ട സെഞ്ച്വറിയെ കുറിച്ച് മിക്ക കാര്‍പ്രേമികളും അജ്ഞരാണ്. കാരണമെന്തെന്നാല്‍, ടൊയോട്ടയുടെ ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ജാപ്പനീസ് വിപണിയില്‍ മാത്രമാണ് ലഭ്യമാവുന്നത്.

എന്നാല്‍ പൊന്നും വില കൊടുത്തും ജാപ്പാനില്‍ നിന്നും ഈ അവതാരത്തെ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയിലെ അതിസമ്പന്നര്‍ നീണ്ട നിരയിലാണ് കാത്ത് നില്‍ക്കുന്നതും.

1967 ലാണ് സെഞ്ച്വറി ലിമോസീനെ ടൊയോട്ട ആദ്യമായി വിപണിയില്‍ എത്തിച്ചത്. 50 വര്‍ഷം പിന്നിട്ട്, ഇന്ന് 2017 ല്‍ എത്തി നില്‍ക്കുമ്പോള്‍ സെഞ്ച്വറിയ്ക്ക് ടൊയോട്ട നല്‍കിയത് ആകെ മൊത്തം മൂന്ന് അപ്‌ഡേറ്റുകള്‍ മാത്രം!

മറുവശത്ത് എതിരാളിയായ റോള്‍സ് റോയ്‌സ് ആകട്ടെ, 13 വര്‍ഷത്തിന് ശേഷമാണ് ഫാന്റത്തിന് അപ്‌ഡേറ്റ് നല്‍കിയത്. നീണ്ട 30 വര്‍ഷം, അതായത് 1997 വരെ ആദ്യ അവതാരത്തില്‍ തന്നെയാണ് സെഞ്ച്വറി വിപണിയില്‍ അണിനിരന്നത്.
Recommended Video


ഇപ്പോള്‍, 20 വര്‍ഷത്തിന് ശേഷം സെഞ്ച്വറിയുടെ പുതിയ 2018 പതിപ്പുമായി ടൊയോട്ട വീണ്ടുമെത്തിയിരിക്കുകയാണ്. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ടൊയോട്ട സെഞ്ച്വറി ലിമോസീന്‍.

നിലവിലുള്ള മോഡലിലും നീളമേറിയ പുതിയ പതിപ്പില്‍ ആഢംബര തുളുമ്പുന്ന വിശാലമായ അകത്തളമാണ് ഒരുങ്ങുന്നത്. പവര്‍ അഡ്ജസ്റ്റബിള്‍ ലെഗ്-റെസ്റ്റ്, സീറ്റ് മസാജ് ഫംങ്ഷനോടെയുള്ള സെഞ്ച്വറിയുടെ നീളം അഞ്ചര മീറ്ററിന് മേലെയാണ്. നീളത്തിന് ഒപ്പം ഉയരവും സെഞ്ച്വറിയുടെ പുതിയ പതിപ്പില്‍ ടൊയോട്ട വര്‍ധിപ്പിച്ചിട്ടുണ്ട്.

ലെതറിന് പകരം വൂള്‍ അപ്‌ഹോള്‍സ്റ്ററിയാണ് അകത്തളത്ത് ഒരുങ്ങുന്നത്. ജപ്പാനിലെ ശീതകാലത്ത് ലെതര്‍ അപ്‌ഹോള്‍സ്റ്ററി സുഖകരമായ റൈഡിംഗ് അനുഭൂതി പ്രദാനം ചെയ്യില്ല എന്നതാണ് ഇതിന് കാരണം.

അതേസമയം, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയെ ഓപ്ഷനലായും ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

റൈറ്റിംഗ് ടേബിള്‍, റീഡിംഗ് ലൈറ്റ്, വലിയ ഡിസ്‌പ്ലേയോട് കൂടിയ റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ്, 20 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവ സെഞ്ച്വറിയുടെ മറ്റ് വിശേഷങ്ങളാണ്.

ഹൈബ്രിഡ് സംവിധാനത്തോടെയുള്ള 5.0 ലിറ്റര്‍ V8 എഞ്ചിനാണ് ടൊയോട്ട സെഞ്ച്വറിയുടെ കരുത്ത്. ഉപഭോക്താക്കള്‍ക്ക് താത്പര്യമുള്ള നിറങ്ങളില്‍ സെഞ്ച്വറിയെ ടൊയോട്ട ലഭ്യമാക്കുമെന്നതും ശ്രദ്ധേയം.


Click it and Unblock the Notifications








