ഇനി സ്വിഫ്റ്റ് ഇല്ല!; 2017 മാരുതി ഡിസൈര്‍ വന്നെത്തി
2017 മാരുതി ഡിസൈര്‍ എന്ന ബാഡ്ജിന് കീഴിലാണ് മോഡല്‍ വന്നെത്തുന്നത്.
ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു. 2017 ൽ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ന്യൂ ജനറേഷന്‍ ഡിസൈറിനെ മാരുതി അവതരിപ്പിച്ചു.

മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നത് പോലെ സ്വിഫ്റ്റിന്മേല്‍ ബുട്ട് ഒരുക്കിയ മോഡലല്ല 2017 മാരുതി ഡിസൈര്‍ എന്ന് വെളിപ്പെടുത്തുകയാണ് പുതിയ മോഡല്‍.
വിപണിയിൽ പുത്തൻ ഡിസൈറിന് തനത് ഇടം ഒരുക്കാനുള്ള നീക്കത്തിലാണ് മാരുതി.

എന്‍ട്രി ലെവല്‍ സെഡാന്‍ ശ്രേണിയില്‍ ടിഗോറും, ആസ്‌പൈറും, എക്‌സെന്റും ഉയര്‍ത്തുന്ന ഭീഷണി എതിരിടാന്‍ പ്രാപ്തമായ ഫീച്ചറുകളുമായാണ് പുത്തന്‍ മോഡലിനെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്.

ഒപ്പം, മറ്റൊരു സവിശേഷത കൂടിയുണ്ട് മാരുതിയുടെ പുതിയ അവതാരത്തിന്.

മുന്‍ മോഡലുകളില്‍ മാരുതി നല്‍കിയിരുന്ന സ്വിഫ്റ്റ് ബാഡ്ജ് ഇത്തവണ ഇല്ല. 2017 മാരുതി ഡിസൈര്‍ എന്ന ബാഡ്ജിന് കീഴിലാണ് മോഡല്‍ അണിനിരക്കുന്നത്.

ടാറ്റ ടിഗോര്‍, ഹോണ്ട അമെയ്‌സ്, ഹ്യുണ്ടായ് എക്‌സെന്റ് എന്നീ മോഡലുകള്‍ പോലെ വിപണിയില്‍ സ്വതന്ത്രമായി ഡിസൈര്‍ മോഡലിനും മുന്നേറാനുള്ള അവസരമാണ് മാരുതിയുടെ നീക്കം ലക്ഷ്യം വെയ്ക്കുന്നത്.

വിപണിയില്‍ എന്നും ഹാച്ച്ബാക്ക് മോഡൽ സ്വിഫ്റ്റ് ആസ്വദിക്കുന്ന സമാന പദവിയാണ് കോമ്പാക്ട് സെഡാന്‍ സെഗ്മന്റില്‍ ഡിസൈറും ആസ്വദിക്കുന്നത്.

2008 ലാണ് ഡിസൈര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

പിന്നീട് സബ് ഫോര്‍ മീറ്റര്‍ സെഡാന്‍ മെയ്ക്ക് ഓവറുമായി 2012 ല്‍ ഡിസൈര്‍ കളം നിറയുകയായിരുന്നു. ഡിസൈറിന്റെ 13 ലക്ഷത്തിലേറെ യൂണിറ്റുകളാണ് മാരുതി സുസൂക്കി ഫാക്ടറികളില്‍ നിന്നും ഇത് വരെയും നിര്‍മ്മിക്കപ്പെട്ടത്.

മാരുതി സുസൂക്കി ഷോറൂമുകളില്‍ 2017 മെയ് മാസത്തോടെയാണ് സിസൈര്‍ സാന്നിധ്യമറിയിക്കുക.

2017 ഡിസൈറില്‍ മാരുതി ഒരുക്കിയിരിക്കുന്ന ഫീച്ചറുകള്‍ പരിശോധിക്കാം-

- കാഴ്ചയില്‍ ഡിസൈര്‍
- ഡിസൈറിന്റെ എഞ്ചിന്‍
- പെട്രോള്‍ MT - 20.85 കിലോമീറ്റര്‍
- പെട്രോള്‍ AT - 18.5 കിലോമീറ്റര്‍
- ഡീസല്‍ MT - 26.59 കിലോമീറ്റര്‍
- ഡീസല്‍ AMT- 26.59 കിലോമീറ്റര്‍
- ഡിസൈറിലെ ഫീച്ചറുകള്‍
- ഡിസൈറിലെ സുരക്ഷ
40 mm വീതിയേറിയതും 20 mm നീളമേറിയതുമായ വീല്‍ബേസുമായാണ് പുതിയ ഡിസൈര്‍ ഒരുങ്ങിയിരിക്കുന്നത്.

സ്വിഫ്റ്റ് ബ്രാന്‍ഡിംഗില്‍ നിന്നും ഡിസൈറിനെ മോചിപ്പിച്ച മാരുതി പക്ഷെ സ്വിഫ്റ്റിന്റെ മുഖമുദ്ര ഡിസൈൻ മുഖത്ത് നിന്നും കൈവിടാന്‍ തയ്യാറായിട്ടില്ല.

2017 ഡിസൈറിന്റെ ട്രാപസോയിഡല്‍ ഗ്രില്ലില്‍ ഹെക്‌സഗണല്‍ സ്ലാറ്റാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ക്രോം ലൈന്‍ ഫ്രെയിമിന്റെ പിന്തുണയും ഗ്രില്ലിന് ലഭിക്കുന്നു.

സ്വെപ്റ്റ്ബാക്ക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലാമ്പുകളും നല്‍കുന്നത് ഡിസൈറിന് വലുപ്പമേറിയ മുഖരൂപം സമ്മാനിക്കുന്നു.

ഒപ്പം, ഫോഗ് ലാമ്പ് സോക്കറ്റുകള്‍ക്ക് നല്‍കിയ ക്രോം ലൈനിംഗ് മോഡലിന് പ്രീമിയം ലുക്കാണ് നൽകുന്നത്.

പിന്‍ഭാഗത്തേക്ക് വരുമ്പോള്‍ അതിശയിപ്പിക്കുന്ന വീതിയും നീളവുമാണ് മോഡലില്‍ കാണാന്‍ സാധിക്കുന്നത്. സിയാസില്‍ നിന്നുമുള്ള ഡിസൈന്‍ തത്വങ്ങളെ റിയര്‍ എന്‍ഡില്‍ മാരുതി സ്വീകരിച്ചിട്ടുണ്ട്.

വലുപ്പമേറിയ ടെയില്‍ ലാമ്പാണ് മാരുതി ഡിസൈറില്‍ ഒരുങ്ങിയിട്ടുള്ളത്. കൂടാതെ, ബൂട്ടിന് മേലെ ക്രോം ലൈനിംഗും ഡിസൈറിന് ലഭിച്ചിട്ടുണ്ട്.

1.2 ലിറ്റര്‍ K സിരീസ് പെട്രോള്‍ എഞ്ചിനും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുമാണ് മാരുതി ഡിസൈറിന്റെ വേരിയന്റുകളില്‍ ഉള്‍പ്പെടുന്നത്.

ഡിസൈറില്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ മാരുതി പൂര്‍ണമായും തള്ളിക്കളഞ്ഞൂവെന്നതും ശ്രദ്ധേയം.

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ മാരുതി ലഭ്യമാക്കുന്നത്.

നിലവില്‍ ARAI- അംഗീകരിച്ച മാരുതി ഡിസൈര്‍ ഇന്ധനക്ഷമത ഇങ്ങനെ

മുന്‍ വേര്‍ഷനെ അപേക്ഷിച്ച, ന്യൂ ജനറേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റില്‍ ഭാരം 85 കിലോഗ്രാം കുറവാണ്.

അതേസമയം, ഡീസല്‍ വേരിയന്റിന്റെ ഭാരം 105 കിലോഗ്രാമായാണ് കുറഞ്ഞിരിക്കുന്നത്. അതിനാല്‍ ഇന്ധനക്ഷമത ഉയരാന്‍ സാധ്യത നിലകൊള്ളുന്നു.

ബലെനോയില്‍ നിന്നും വിതാര ബ്രെസ്സയില്‍ നിന്നും കടമെടുത്ത 7 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഡിസൈറിലുള്ളത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് ഡിസൈറിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങിയിരിക്കുന്നത്.

സ്റ്റാര്‍ട്ട് സ്‌റ്റോപ് ബട്ടണ്‍, സ്റ്റോറേജ് സ്‌പെയ്‌സ്, റിയര്‍ സീറ്റുകള്‍ക്കായുള്ള എസി വെന്റ് എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളും മാരുതി ഡിസൈറില്‍ വന്നെത്തിയിട്ടുണ്ട്.

മാരുതിയുടെ പുത്തന്‍ മോഡലായ ഇഗ്നിസിലുള്ളത് പോലെ ഡ്യൂവല്‍ എയര്‍ബാഗുകളാണ് ഡിസൈറിലും മാരുതി സജ്ജമാക്കിയിരിക്കുന്നത്.

കൂടാതെ, പ്രീ-ടെന്‍ഷനേര്‍സോട് കൂടിയ സീറ്റ് ബെല്‍റ്റ്, ഇബിഡിയോട് കൂടിയ ആന്റി-ലോക്ക് ബ്രെക്കിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ ഒരുങ്ങിയിട്ടുണ്ട്.

മെയ് ആദ്യ വാരം മുതലാണ് ഡിസൈറിന്റെ ബുക്കിംഗ് മാരുതി ആരംഭിക്കുക.

മെയ് 16 നാണ് കോമ്പാക്ട് സെഡാന്‍ ഡിസൈറിന്റെ വില മാരുതി പ്രഖ്യാപിക്കുക.

നിലവില്‍ സ്വിഫ്റ്റ് ഡിസൈര്‍ പെട്രോള്‍ വേരിയന്റിന്റെ വില 5.35 ലക്ഷം രൂപ മുതലാണ്. അതേസമയം, സ്വിഫ്റ്റ് ഡിസൈര്‍ ഡീസല്‍ വേരിയന്റിന്റെ ആരംഭവില 6.16 ലക്ഷം രൂപയിലാണ്.

2017 മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റിന്റെ ആരംഭവില 5.40 ലക്ഷം രൂപയിലും ഡിസൈര്‍ ഡീസല്‍ വേരിയന്റിന്റെ ആരംഭവില 6.20 ലക്ഷം രൂപയിലുമാണ് നിജപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








