ഇഗ്നിസ് വരവായി; മാരുതി വെളിപ്പെടുത്തുന്ന ഇഗ്നിസിന്റെ മാത്രം ചില സവിശേഷതകൾ
കാത്തിരിപ്പിനൊടുവിൽ മാരുതിയുടെ പുത്തൻ ക്രോസോവർ മോഡൽ ഇഗ്നിസ് ജനവരി 13 ന് നിരത്തിലേക്ക്.
വിറ്റാര ബ്രെസയ്ക്ക് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏവരും ഉറ്റുനോക്കുന്ന മറ്റൊരു ലോഞ്ചാണ് ഇഗ്നിസിന്റേത്. മാരുതിയുടെ ആദ്യ ക്രോസ്ഓവർ എന്ന ലേബലിൽ പുറത്തിറങ്ങുന്ന ഇഗ്നിസിന് വിറ്റാരയ്ക്ക് സമാന പ്രതികരണം ലഭിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

ഈ സെഗ്മെന്റിൽ തന്നെ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ചില പ്രത്യേകതകൾ അടങ്ങിയിട്ടുള്ളൊരു വാഹനമാണ് ഇഗ്നിസ്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി അവതരിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും ഇഗ്നിസ്.

ജനുവരി13 ന് പുറത്തിറങ്ങുന്ന കാറിന്റെ ബുക്കിങ് ജനുവരി രണ്ടുമുതൽ ആരംഭിക്കുന്നതായിരിക്കും. പതിനൊരായിരം രൂപ നൽകിയാണ് ബുക്കിംഗ് നടത്തേണ്ടുന്നത്. മാരുതി ആദ്യമായി ഇഗ്നിസിൽ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ചില സവിശേഷ ഫീച്ചറുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

1. ലൈറ്റ്‌വെയിറ്റ് പ്ലാറ്റ്ഫോം
കരുത്തുറ്റതും അതുപോലെ ഭാരംകുറഞ്ഞതുമായ തികച്ചും പുതിയതെന്ന് പറയാവുന്നൊരു പ്ലാറ്റ്ഫോമിലാണ് ഇഗ്നിസിന്റെ നിർമാണം. ഭാരക്കുറവ് അനുഭവപ്പെടുമെന്നതിനാൽ ഈ വാഹനത്തിന് മികച്ച ഇന്ധനക്ഷമത കൈവരിക്കാൻ സാധിക്കുമെന്നുള്ള ഉറപ്പും കൂടിയാണ് കമ്പനി നൽകുന്നത്.

ക്രാഷ് ടെസ്റ്റിലും കരുത്തനെന്ന് തെളിയിച്ചിട്ടുള്ളൊരു വാഹനമാണ് മാരുതിയുടെ ഈ പുത്തൻ ക്രോസോവർ. യൂറോ എൻസിഎപി സംഘടിപ്പിച്ച ക്രാഷ് ടെസ്റ്റിൽ ഇഗ്നിസിന് മികച്ച റേറ്റിംഗും നേടിയെടുക്കാൻ സാധിച്ചു. സുരക്ഷ ഉറപ്പു വരുത്തുന്ന ക്രാഷ് ടെസ്റ്റിൽ സ്റ്റാന്റേഡ് വേരിയന്റുകൾക്ക് 3 സ്റ്റാറും കൂടുതൽ സേഫ്റ്റി പാക്കുകൾ ഉൾപ്പെടുത്തിയ ടോപ്പ് വേരിയന്റിന് 5 സ്റ്റാർ റേറ്റിംഗും നേടിയെടുക്കാൻ സാധിച്ചു.

പുതിയ പ്ലാറ്റ്ഫോമിലുള്ള നിർമാണം എൻജിനായി കൂടുതൽ സ്ഥലം പാഴാക്കാതെ ക്യാബിൻ സ്പേസ് വർധിപ്പിക്കാൻ സഹായകമായിട്ടുണ്ട്.

2. ഫീച്ചറുകൾ
പ്രീമിയം അർബൻ കോംപാക്ട് വെഹിക്കിൾ എന്ന തരംതിരിവിൽ എത്തുന്ന മാരുതി ഇഗ്നിസ് ഇതുവരെ ഈ സെഗ്മെന്റിൽ നൽകിയിട്ടില്ലാത്ത ചില ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎല്ലുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്/സ്റ്റോപ്പ്, റിയർ പാർക്കിംഗ് സെൻസർ, വൈദ്യുത നിയന്ത്രിത ഔട്ട് സൈഡ് മിറർ, ക്ലൈമറ്റ് കൺട്രോൾ, പുതിയ സ്റ്റിയറിംഗ് വീൽ, ടെലിഫോണി, മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുടെ നീണ്ട നിരതന്നെ ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമെ 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ, ഡ്രൈവർമാർക്കായി ലോ ഫ്യുവൽ വാണിംഗ്, ഇന്ധനക്ഷമത, താപനില, സമയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്ന മൾട്ടി ഇൻഫോർമേഷൻ ഡിസ്പ്ലെ എന്നിവയും ഇഗ്നിസിന്റെ പ്രത്യേകതകളാണ്.

3. സേഫ്റ്റി
ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ഹിൽ ഡിസന്റ് കൺട്രോൾ എന്നീ ഫീച്ചറുകൾ ഉള്ള ഇഗ്നിസ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയെടുത്തിട്ടുണ്ട്. സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകികൊണ്ടാണ് ഇഗ്നിസിന്റെ നിർമാണം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഈ 5 സ്റ്റാർ റേറ്റിംഗ്.

മുൻഭാഗത്ത് ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉപയോഗിച്ചിട്ടുള്ളത്. സുരക്ഷിതമായ ഡ്രൈവിംഗിന് റിയർ പാർക്കിംഗ് സെൻസറുകളും സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

4. ഗ്രൗണ്ട് ക്ലിയറൻസ്
180എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതുകൊണ്ട് തന്നെ കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളിൽ കൂടിയും അനായാസം ഓടിച്ചുപോകുന്നതിന് സാധിക്കും. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ഘടകങ്ങൾ ഉള്ളതിനാൽ ഡ്രൈവിംഗും വളരെ അനായാസമായിരിക്കും.15 ഇഞ്ച് അലോയ് വീലുകൾ സുഖകരമായ ഡ്രൈവിംഗും ഉറപ്പുവരുത്തുന്നു.

എൻജിൻ
1.2ലിറ്റർ വിവിടി പെട്രോൾ, 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ എന്നീ രണ്ട് വകഭേദങ്ങളാണ് ഇഗ്നിസിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് എന്നിവയായിരിക്കും ഉൾപ്പെടുത്തുക.

ഇഗ്നിസിന്റെ ടോപ്പ് വേരിയന്റിൽ എഎംടി ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടില്ല . എങ്കിലും ഇഗ്നിസിന്റെ ബേസ്, മിഡ് വേരിയന്റുകളിൽ എഎംടി ഗിയർബോക്സ് ഓപ്ഷൻ ലഭ്യമായിരിക്കും.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ
റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ


Click it and Unblock the Notifications








